ന്യൂ ഡൽഹി: ദുരിതത്തിലായ റബ്ബർ കർഷകരെ സഹായിക്കാൻ ഒരിടപെടലും കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ -റബ്ബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിലെ പൊള്ളത്തരം തുറന്നുകാണിച്ചും ഈ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ ആവശ്യപ്പെട്ടും ഇടത് എംപിമാർ കഴിഞ്ഞ മാസം മന്ത്രിയെ കണ്ട് ചർച്ച നടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ നിവേദനത്തിനുള്ള മറുപടിയിലാണ് കേന്ദ്ര സർക്കാരിൻ്റെ കർഷക വിരുദ്ധ നിലപാട് വ്യക്തമാകുന്നത്. മാർച്ച് 15ന് മന്ത്രി എഴുതിയ കത്ത് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. കേന്ദ്രസർക്കാർ നയത്തിൽ മാറ്റങ്ങൾ പ്രതീക്ഷിച്ച കർഷക സമൂഹത്തോടുള്ള വെല്ലുവിളിയാണ് ഈ മറുപടിയെന്ന് എളമരം കരീം എംപി പറഞ്ഞു.
മിശ്രിതറബ്ബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ബജറ്റിൽ നടത്തിയ പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമായിരുന്നു. ആസിയാൻ കരാറിനെ തുടർന്ന് തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നും നികുതി ഇളവോടുകൂടി ഇന്ത്യയിലേക്ക് നിർബാധം റബ്ബർ ഇറക്കുമതി സാധ്യമായതിൻ്റെ ഫലമായാണ് കേരളത്തിലെ ഉൾപ്പെടെ റബ്ബർ കർഷകർ ദുരിതത്തിലായത്. ഇന്ത്യയിലെ മിശ്രിതറബ്ബർ ഇറക്കുമതിയുടെ 88% ആസിയാൻ രാജ്യങ്ങളിൽ നിന്നുമാണ്. ഈ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യ-ആസിയാൻ സ്വതന്ത്ര വ്യാപാര കരാറിൻ്റെ പരിധിയിൽ വരുന്നതിനാൽ മിശ്രിതറബ്ബർ ഇറക്കുമതി ചുങ്കം ഉയർത്തി കേന്ദ്ര ബജറ്റിൽ ധനമന്ത്രി നടത്തിയ പ്രഖ്യാപനംകൊണ്ട് കർഷകർക്ക് ഒരു പ്രയോജനവും ഉണ്ടാവില്ല എന്നതാണ് വസ്തുത. ഈ നിലപാട് തിരുത്തണമെന്നും ആസിയാൻ രാജ്യങ്ങളിൽനിന്നുൾപ്പെടെയുള്ള ഇറക്കുമതിക്ക് നികുതി വർധിപ്പിക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എന്നാൽ അത് സാധ്യമല്ല എന്ന് മന്ത്രി ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുകയാണ്.
റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കണം എന്ന കർഷകരുടെ ദീർഘകാലമായുള്ള ആവശ്യവും നടപ്പിലാക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ താങ്ങുവില പ്രഖ്യാപിക്കുന്ന 25 കാർഷികവിളകളുടെ കൂട്ടത്തിൽ റബ്ബർ ഉൾപ്പെടുന്നില്ല. വിവിധ മാനദണ്ഡങ്ങൾ പ്രകാരമാണ് ഓരോ വിളയെയും എംഎസ്പി പരിധിയിൽ ഉൾപ്പെടുത്തുന്നത് എന്നും റബ്ബറിനെ അതിൽ ഉൾപെടുത്താൻ സാധിക്കില്ല എന്നും മന്ത്രിയുടെ മറുപടിയിൽ വിശദമാക്കുന്നു.
ബിജെപിയുടെ കോർപ്പറേറ്റ് അനുകൂല, കർഷക വിരുദ്ധ നയങ്ങൾക്ക് അടിവരയിടുന്ന മറുപടിയാണ് പീയുഷ് ഗോയൽ നൽകിയത്. രാജ്യത്തെ തൊഴിലാളികളെയും കർഷകരെയും മറന്നുകൊണ്ടുള്ള ഭരണമാണ് കേന്ദ്രം നടത്തുന്നത് എന്ന വസ്തുത ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. പിന്നോക്കക്കാരെയും മത ന്യൂനപക്ഷങ്ങളെയും ആക്രമിച്ചും തമ്മിലടിപ്പിച്ചും തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കുകയാണ് ബിജെപിയും സംഘപരിവാറും ചെയ്തുകൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ കർഷകസ്നേഹം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പൊള്ളയായ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്നു. കോർപ്പറേറ്റ് മുതലാളിമാരുടെ താല്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ സാധാരണക്കാരുടെ വരുമാനം ഇല്ലാതാക്കുന്ന നയം തിരിച്ചറിയുകയും ആ നയങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുക്കുകയും ചെയ്യണമെന്ന് എളമരം കരീം എംപി പാങ്ങു.
ബിജെപിയുടെ കപട വാഗ്ദാനങ്ങളിൽ അറിഞ്ഞോ അറിയാതെയോ വീണുപോകുന്ന, സമൂഹത്തിലെ ഉന്നതസ്ഥാനീയരായ ചിലരെങ്കിലുണ്ട്. കർഷകരെ സഹായിക്കാൻ ബിജെപി നടപടി സ്വീകരിക്കും എന്ന പ്രതീക്ഷ വച്ചുപുലർത്തുന്ന അത്തരക്കാർക്കുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണ് റബ്ബർ കർഷകരുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ നയം എന്താണ് എന്ന് വ്യക്തമാക്കുന്ന കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിൻ്റെ മറുപടി. സർക്കാരിൻ്റെ അവകാശവാദം പോലെ റബ്ബർ കർഷകരെ സഹായിക്കണം എന്നതാണ് ലക്ഷ്യമെങ്കിൽ മിശ്രിത റബ്ബറിൻ്റെയും സ്വാഭാവിക റബ്ബറിൻ്റെയും ഇറക്കുമതി തീരുവ ഒരുപോലെ ഉയർത്തുകയും റബ്ബറിന് താങ്ങുവില പ്രഖ്യാപിക്കുകയുമാണ് ചെയ്യേണ്ടത്. അതൊന്നും സാധിക്കില്ല എന്ന് അർഥ ശങ്കയ്ക്കിടയില്ലാതെ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. ഇതിൻ്റെകൂടി വെളിച്ചത്തിൽ കർഷകരെയും തൊഴിലാളികളെയും രാജ്യത്തെ സാധാരണക്കാരെയും വഞ്ചിക്കുന്ന ബിജെപി സർക്കാരിനെതിരായ സമരത്തിൽ മുഴുവൻ ആളുകളും അണിനിരക്കണം. യോജിച്ച പ്രക്ഷോഭത്തിലൂടെ മാത്രമേ ജനവിരുദ്ധ നയങ്ങൾ തിരുത്താൻ സാധിക്കൂ എന്നും എളമരം കരീം പറഞ്ഞു.