ന്യൂഡൽഹി: തമിഴ്നാട്ടിൽ ഇതരസംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന വാർത്ത വ്യാജമാണെന്ന് തെളിയിച്ച ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കൊലവിളി. ഹിന്ദുത്വവാദികളും ബിജെപി നേതാക്കളുമാണ് വധഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലാണ് തമിഴ്നാട്ടിൽ ജോലിക്കെത്തിയ ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ കൊലചെയ്യപ്പെടുകയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. എന്നാൽ, ഈ വാർത്ത വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് സുബൈർ വസ്തുതകൾ നിരത്തി. വാർത്ത വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെ തീവ്ര വലതുപക്ഷ മാധ്യമമായ ഓപ് ഇന്ത്യയുടെ എഡിറ്റർ നുപുർ ശർമ, സി.ഇ.ഒ രാഹുൽ റോഷൻ, ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കർ, ഉത്തർപ്രദേശ് ബി.ജെ.പി വക്താവ് പ്രശാന്ത് ഉംറാവു, തുടങ്ങിയവർക്കെതിരെ പോലീസ് കേസെടുത്തു.
ഇതിന് പിന്നാലെയാണ് സുബൈറിനെതിരെ കൊലവിളി ഉയർന്നത്. മുഹമ്മദ് സുബൈറിനെതിരെ വധഭീഷണി മുഴക്കിയവരിൽ സുപ്രീം കോടതി അഭിഭാഷകനും, വലതുപക്ഷ കോളംനിസ്റ്റ് തുടങ്ങിയവരും ഉൾപ്പെടുന്നുണ്ട്. പ്ലാൻ ഓൺ ആണ്. മൂത്രമൊഴിക്കാൻ പോലും അവന് ഇനി ട്യൂബ് വേണ്ടിവരും. അഖ്ലാക്കിനെ പോലെ സുബൈറിനെയും ആക്രമിക്കണം, എന്നാണ് വലതുപക്ഷ കോളംനിസ്റ്റും മുൻ ഓപ് ഇന്ത്യ എഡിറ്ററുമായ ഹർഷിൽ മേത്തയുടെ ട്വീറ്റ്. സുബൈറിനോട് താൻ ഒരിക്കലും പൊറുക്കില്ലെന്നാണ് സുപ്രീം കോടതി അഭിഭാഷകൻ ശശാങ്ക് ശേഖർ ട്വീറ്റ് ചെയ്തത്.