ന്യൂഡൽഹി: ദില്ലി മുനിസിപ്പൽ കോർപ്പറേഷനിൽ വീണ്ടും ഭരണ-പ്രതിപക്ഷ സംഘർഷം. സുപ്രീംകോടതി ഉത്തരവനുസരിച്ച് സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ആറ് അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള സഭാ നടപടികൾ നടക്കുന്നതിനിടയിലാണ് എഎപി-ജിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷമുണ്ടായത്. ബിജെപി കൗൺസിലർ തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് മേയർ ഷെല്ലി ഒബ്റോയ് ആരോപിച്ചു. തുടർന്നുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ എഎപി, ബിജെപി കൗൺസിലർമാർ സഭയ്ക്കുള്ളിൽ പരസ്പരം വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞു. ബഹളത്തിനിടയിൽ ബിജെപി കൗൺസിലർമാർ വേദിയിൽ കയറുന്നതും മേയറെ വളയുന്നതിൻ്റെയും ദൃശ്യങ്ങളിൽ പുറത്തു വന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്ന് എഎപി അറിയിച്ചു.
മുനിസിപ്പൽ കോർപ്പറേഷനിൽ അരങ്ങേറിയ സംഭവ വികാസങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ രംഗത്തെത്തിയിട്ടുണ്ട്. ആക്രമണം തികച്ചും ഞെട്ടിക്കുന്നതും അംഗീകരിക്കാനാകാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തങ്ങളുടെ നിലപാടുകൾ മേയറെ അറിയിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നായിരുന്നു ബിജെപിയുടെ വാദം. പറയാനുള്ളത് കേൾക്കണമെന്നും അത് ചർച്ച ചെയ്ത് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മേയറോട് സംസാരിക്കാൻ പോകുക മാത്രമാണ് ചെയ്തതെന്ന് ബിജെപി അംഗം ശിഖ റായ് പറഞ്ഞു.
തെരഞ്ഞെടുപ്പിനിടെ ചില അംഗങ്ങൾ മൊബൈൽ ഫോൺ കൈവശം വെച്ചെന്നാരോപിച്ച് ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലുള്ള വാക്കേറ്റമാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. മേയർ, ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പേനയും സെൽഫോണും കൊണ്ടുപോകുന്നത് അനുവദനീയമല്ല. ഇത് എഎപി അംഗങ്ങൾ പാലിച്ചില്ലെന്നാണ് ബിജെപിയുടെ പരാതി.