കർണാടക: മൈസൂരിനടുത്ത് പെരിയപട്ടണയിലെ സെന്റ് മേരീസ് പള്ളി അക്രമികൾ തകർത്തു. ക്രിസ്തുമസ് അഹോഷം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പള്ളി ആക്രമിക്കുന്നത്. ആക്രമണത്തിൽ പള്ളിയിലെ ഉണ്ണിയേശുവിൻ്റെ പ്രതിമയ്ക്ക് കേടുപാടുകൾ സംഭവിച്ചു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിയുന്നതിനായി പള്ളിയുടെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. പള്ളിക്ക് അകത്ത് സൂക്ഷിച്ചിരുന്ന പണവും പുറത്ത് വച്ചിരുന്ന ഭണ്ഡാരവും മോഷണം പോയി.
ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ പള്ളിയിലെ ജീവനക്കാരൻ കേടുപാടുകൾ കാണുന്നത്. ഉടൻ തന്നെ പാസ്റ്ററെ വിവരം അറിയിക്കുകയും ചെയ്തു. പള്ളിയുടെ പിൻവാതിൽ തകർത്താണ് അക്രമികൾ അകത്തുകടന്നതെന്ന് പോലീസ് പറഞ്ഞു. സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്നും അക്രമികളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷിക്കുകയാണെന്നും പോലീസ് സൂപ്രണ്ട് സീമ ലത്കർ വ്യക്തമാക്കി.
നേരത്തെ ഛത്തീഗ്‌ഗഢിലെ 33 ഗ്രാമത്തിൽ ക്രൈസ്‌തവർക്കെതിരെ ആക്രമണം ഉണ്ടായി. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ ക്രിസ്‌മസ് ദിനത്തിൽ തീവ്രഹിന്ദുത്വ സംഘങ്ങൾ ഉത്തരകാശി ജില്ലയിലെ പുരോല ഗ്രാമത്തിലുള്ള യൂണിയൻ ചർച്ചിൻ്റെ ലൈഫ് ആൻഡ് ഹോപ്പ് സെന്റർ ആക്രമിച്ചു. പരാതിയിൽ പ്രതികളെ പിടികൂടുന്നതിനു പകരം ആക്രമിക്കപ്പെട്ട പാസ്റ്റർ ലാസറസ് കൊർണേലിയസിനെയും ഭാര്യ സുഷമയെയും പോലീസ് അറസ്‌റ്റ് ചെയ്‌തു.
യുപിയിൽ റായ്‌പുർ ജില്ലയിൽ ക്രിസ്‌മസ് ദിനത്തിൽ പ്രാർഥനായോഗം സംഘടിപ്പിച്ചതിന് പാസ്റ്റർ പൗലസ് മസിഹിനെ മതപരിവർത്തന നിയമം ചുമത്തി ജയിലിലടച്ചു. തീവ്രഹിന്ദുത്വ നേതാവ് രാജീവ് യാദവിൻ്റെ പരാതിയിലാണ് നടപടി. ബിജെപി ഭരണമുള്ള മധ്യപ്രദേശിലെ സ്‌കൂളുകളിൽ ക്രിസ്‌മസ് ആഘോഷിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തുവന്നു. അസമിൽ പള്ളികളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ബിജെപി സർക്കാർ കത്തുനൽകിയത് ക്രിസ്‌മസ് ആഘോഷങ്ങളെ ബാധിച്ചു. ഗുജറാത്തിലെ വഡോദരയിൽ കരോൾ സംഘത്തെയും ആക്രമിച്ചു.