പനാമ: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ‘ദി കശ്‌മീർ ഫയൽസി’നെതിരെ ഗോവ രാജ്യാന്തര ചലച്ചിത്ര മേള ജൂറി ചെയർമാൻ നാദവ് ലാപിദ്. കശ്‌മീരി ഫയൽസ് പ്രോപ്പഗണ്ട സിനിമയാണെന്നും അശ്ലീലമാണെന്നും അദ്ദേഹം പറഞ്ഞു. ഗോവൻ ചലച്ചിത്ര മേള പോലൊരു സ്ഥലത്ത് പ്രദർശിപ്പിക്കാൻ യോഗ്യതയുള്ള സിനിമയല്ല ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ കശ്മീർ ഫയൽസ് ഇടംപിടിച്ചതിൽ ജൂറി അംഗങ്ങൾ ഞെട്ടിയെന്നും ഇത്തരം അശ്ലീല സിനിമകൾ അഭിമാനകരമായ ചലച്ചിത്രോത്സവത്തിൽ അനുചിതമാണെന്നുമായിരുന്നു ഇസ്രയേലി സംവിധായകൻ കൂടിയായ ജൂറി ചെയർമാൻ നാദവ് ലാപിഡിൻ്റെ പരസ്യവിമർശനം.
‘രാജ്യാന്തര സിനിമാ വിഭാഗത്തിൽ പതിനഞ്ച് സിനിമകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഇതിൽ പതിനാല് സിനിമകളും മികച്ച നിലവാരം പുലർത്തിയവയും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. ഈ സിനിമകളെല്ലാം നന്നായി ചർച്ച ചെയ്യപ്പെട്ടു. എന്നാൽ പതിനഞ്ചാമത്ത സിനിമയായ ദി കശ്മീർ ഫയൽസ് കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായയതും. അത് ഒരു പ്രത്യേക ഉദ്ദേശ്യത്തോടുകൂടിയുള്ള അശ്ലീല സിനിമയായി തോന്നി. ഇത്തരത്തിൽ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിൻ്റെ മത്സരവിഭാഗത്തിൽ അനുചിതമായ ഒരു അപരിഷ്‌കൃത സിനിമയാണിത്. ഇക്കാര്യം പരസ്യമായി പറയാൻ തനിക്ക് ബുദ്ധിമുട്ടില്ല’ നാദവ് ലാപിഡ് പറഞ്ഞു.
അതേസമയം ചെയർമാൻ്റെ പ്രതികരണം വളരെ മോശമായിപ്പോയെന്ന് ഇന്ത്യയിലെ ഇസ്രയേലി അംബാസിഡറായ നവോർ ഗിലോൺ വ്യക്തമാക്കി. ജൂറി അധ്യക്ഷ പദവി ലാപിഡ് ദുരുപയോഗം ചെയ്തുവെന്നും ഇക്കാര്യത്തിൽ ആതിഥേയ രാജ്യമായ ഇന്ത്യയോട് മാപ്പുചോദിക്കണമെന്നും അംബാസിഡർ ആവശ്യപ്പെട്ടു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധത്തെ ജൂറിയുടെ വിമർശനം ബാധിക്കില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.