ഹൈദരാബാദ്: പണം നൽകി ടിആർഎസ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചെന്ന കേസിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, ബിഡിജെഎസ് ദേശിയ അധ്യക്ഷനും എൻഡിഎ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി, ജഗ്ഗുസ്വാമി എന്നിവർക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി തെലങ്കാന പൊലീസ്. കേസിൽ ബിജെപി ബന്ധമുള്ള രാമചന്ദ്ര ഭാരതി, നന്ദ കുമാർ, സിംഹായജി സ്വാമി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
എസ്.ഐ.ടി സമൻസിൽ ചോദ്യംചെയ്യാൻ മൂന്നുപേരും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന്റെ നീക്കം. സമൻസ് അയച്ചവരിൽ ബി. ശ്രീനിവാസ് മാത്രമാണ് ചോദ്യംചെയ്യലിനെത്തിയത്. ഇവരെ അറസ്റ്റ് ചെയ്യാൻ എസ്.ഐ.ടി തെലങ്കാന ഹൈക്കോടതിയുടെ നിയമോപദേശം തേടിയിരുന്നു.
തെലങ്കാനയിൽ ടിആർഎസ് എംഎൽഎമാരെ വിലയ്ക്കു വാങ്ങാൻ ബിജെപി ശ്രമിച്ചതിൻ്റെ തെളിവുകൾ പൊലീസ് കണ്ടെത്തിയിരുന്നു. ബി എൽ സന്തോഷിന്റേതടക്കമുള്ള നേതാക്കളുടെ പേരുകൾ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളടങ്ങുന്നതാണ് തെളിവുകൾ.
ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയാണ് കൂറുമാറ്റശ്രമത്തിന് നേതൃത്വം വഹിച്ചതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു വാർത്താസമ്മേളനം വിളിച്ച് പറഞ്ഞിരുന്നു. ‘സർക്കാരിനെ അട്ടിമറിക്കാൻ തുഷാർ 100 കോടിയാണ് വാഗ്ദാനം ചെയ്തത്. ഇതിൻ്റെ തെളിവുകളുണ്ട്. സർക്കാരിനെ അട്ടിമറിക്കാനുളള നീക്കത്തിലെ പ്രധാന കണ്ണി തുഷാർ വെളളാപ്പളളിയാണ്. തുഷാർ അമിത് ഷായുടെ നോമിനിയാണ്. നാല് സർക്കാരുകളെ അട്ടിമറിക്കാനായിരുന്നു പദ്ധതി. തെലങ്കാന, ആന്ധ്ര പ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ വീഴ്ത്താനായിരുന്നു പദ്ധതി. ഇതുവരെ എട്ട് സർക്കാരുകളെ വീഴ്ത്തിയെന്ന് ഏജൻറുമാർ വെളിപ്പെടുന്ന വീഡിയോയും പുറത്തുവന്നു. എല്ലാ ഓപ്പറേഷനുകൾക്ക് പിന്നിലും ഒരേ ടീമാണ്. തുഷാറിൻ്റെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി തുറന്നടിച്ചു.’ മാധ്യമങ്ങൾക്ക് മുന്നിൽ കൈക്കൂപ്പിയ കെസിആർ, രാജ്യത്തെ രക്ഷിക്കൂവെന്ന് സുപ്രീംകോടതിയോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചിരുന്നു.