ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കണമെന്ന് സംയുക്ത കിസാൻ മോർച്ച. കർഷകവിരുദ്ധരായ ബിജെപിക്ക് വോട്ടുചെയ്യരുതെന്ന് ഗുജറാത്ത് ജനതയോട് അഭ്യർഥിച്ചു. ഐതിഹാസിക കർഷകപ്രക്ഷോഭ വിജയത്തിൻ്റെ ഒന്നാം വാർഷികമായ നവംബർ 19 വിജയദിനമായി ആഘോഷിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതേസമയം കേന്ദ്ര സർക്കാരിനെതിരെ രണ്ടാം ഘട്ട സമരം സംഘടിപ്പിക്കും. അതിൻ്റെ ഭാഗമായി നവംബർ ഇരുപത്തിയാറിന് എല്ലാ രാജ്ഭവനിലേക്കും മാർച്ച് നടത്തും. താങ്ങുവില ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ കേന്ദ്ര സർക്കാർ പാലിക്കാത്തതിലാണ് ദേശ വ്യാപക പ്രതിഷേധം. കേന്ദ്ര സർക്കാരിന്റേത് നാണം കേട്ട വാഗ്ദാന ലംഘനമാണെന്നും കർഷക സംഘടനകൾ.
കേന്ദ്ര സർക്കാർ ഉറപ്പു നൽകിയ എട്ടോളം വാഗ്ദാനങ്ങൾ ഇതുവരെ പാലിച്ചിട്ടില്ല. വൈദ്യുത ഭേദഗതി ബിൽ കർഷകർക്ക് തിരിച്ചടിയാണ്. കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധത്തിനിടെ കർഷകർക്കെതിരെ ചുമത്തിയ കേസുകളും പിൻവലിച്ചിട്ടില്ല. പ്രതിഷേധത്തിനിടെ മരണപ്പെട്ട കർഷകർക്കുള്ള ധനസഹായവും കേന്ദ്ര സർക്കാർ നൽകിയിട്ടില്ല തുടങ്ങിയ കാരണങ്ങളാണ് പ്രധാനമായും കർഷകർ ഉന്നയിക്കുന്നത്. ദില്ലി മാർച്ചിൻ്റെ പ്രതിഷേധ ദിനത്തിലാണ് കേന്ദ്രത്തിനെതിരെ കർഷകർ വീണ്ടും തെരുവിൽ ഇറങ്ങുന്നത്.
‘മോദിക്ക് അടിപതറുമോ?’; കേന്ദ്ര സർക്കാരിനെതിരെ വീണ്ടും കർഷക പ്രക്ഷോഭം