മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെക്ക് വീണ്ടും ആദരമർപ്പിച്ച് ഹിന്ദു മഹാസഭ. മധ്യപ്രദേശിലെ ഗ്വാളിയോറിലെ ദൗലത്ഗഞ്ച് ഏരിയയിലുള്ള ഓഫീസിലാണ് ഗോഡ്സെക്ക് ആദരമർപ്പിച്ചത്. ‘നാഥുറാം ഗോഡ്സെ സിന്ദാബാദ്, ഗോഡ്സെ നീണാൾ വാഴട്ടെ’, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയും ആരതി ഉഴിഞ്ഞുമായിരുന്നു പരിപാടി. ഗോഡ്സെയെ തൂക്കിലേറ്റിയതിൻ്റെ ഓർമ്മക്കായാണ് പരിപാടി സംഘടിപ്പിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
‘വിപ്ലവ നേതാവ്’ ഗോഡ്സെയുടെ സ്മരണയ്ക്കായി സംഘടന ബലിദാൻ ദിവസം ആചരിച്ചതായി ഹിന്ദു മഹാസഭ വക്താവ് അർച്ചന ചൗഹാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ന് ഒരു വിപ്ലവകാരിയുടെ രക്തസാക്ഷിത്വ ദിനമാണ്. നഗരത്തിലെ ഏതെങ്കിലും സ്ക്വയറുകളിൽ ഗോഡ്സെയുടെ പ്രതിമ സ്ഥാപിക്കണമെന്ന് മുനിസിപ്പൽ കമ്മീഷണറോട് ആവശ്യപ്പെടുന്നുവെന്നും അർച്ചന ചൗഹാൻ പറഞ്ഞു.
കഴിഞ്ഞ മാസം മഹാത്മാ ഗാന്ധിയെ വീണ്ടും പ്രതീകാത്മകമായി വധിക്കാൻ ഹിന്ദുമഹാസഭ ശ്രമിച്ചിരുന്നു. ഹിന്ദുമഹാസഭയുടെ ദുർഗാപൂജ പന്തലിലാണ് ഗാന്ധി വധം പുനർസൃഷ്ടിക്കാൻ ശ്രമം നടന്നത്. ദുർഗാദേവി വധിക്കുന്ന മഹിഷാസുരൻ്റെ സ്ഥാനത്താണ് ഹിന്ദുമഹാസഭ ഗാന്ധി പ്രതിമ സ്ഥാപിച്ചത്. മഹിഷാസുരന് പകരം ദോത്തിധരിച്ച് കൈയിൽ വടിയുമായി നിൽക്കുന്ന കണ്ണടവച്ച കഷണ്ടിത്തലയുള്ള മനുഷ്യരൂപമാണുള്ളത്. പ്രതിമയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഹിന്ദുമഹാസഭയുടെ നടപടിക്കെതിരെ നിരവധി പരാതികൾ ഉയർന്നു. ഇതോടെ സംഭവത്തിൽ പോലീസ് കേസെടുത്തു.