ഹൈദരാബാദ്: ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. തെലങ്കാനയിൽ ഓപ്പറേഷൻ കമലിന് പിന്നിൽ തുഷാർ വെള്ളാപ്പള്ളിയാണെന്നും, കേസിൽ അറസ്റ്റിലായ ഏജന്റുമാർ പ്രവർത്തിച്ചത് തുഷാറിൻ്റെ നിർദേശ പ്രകാരമെന്നും കെ ചന്ദ്രശേഖർ റാവു ആരോപിച്ചു. നാല് എംഎൽഎമാരെ പണം നൽകി സ്വന്തമാക്കാനായിരുന്നു ബിജെപിയുടെ ശ്രമം. തുഷാർ വെള്ളാപ്പള്ളിയാണ് സംഭവത്തിന് പിന്നിലെ ഇടനിലക്കാരനെന്നും കെസിആർ തുറന്നടിച്ചു. എംഎൽഎമാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി ഏജന്റുമാരായ നന്ദകുമാർ, സ്വാമി രാമചന്ദ്രഭാരതി, സിംഹയാജിഎന്നിവരെ പിടികൂടിയത്. ഇവരിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ പണവും പിടിച്ചെടുത്തു. കേസിൽ അറസ്റ്റിലായ മൂന്ന് ഏജൻ്റുമാരും തുഷാറിറെ ബന്ധപ്പെട്ടതിൻ്റെ ഫോൺവിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു.
‘സർക്കാരിനെ അട്ടിമറിക്കാൻ തുഷാർ 100 കോടിയാണ് വാഗ്ദാനം ചെയ്തത്. ഇതിൻ്റെ തെളിവുകളുണ്ട്. സർക്കാരിനെ അട്ടിമറിക്കാനുളള നീക്കത്തിലെ പ്രധാന കണ്ണി തുഷാർ വെളളാപ്പളളിയാണ്. തുഷാർ അമിത് ഷായുടെ നോമിനിയാണ്. നാല് സർക്കാരുകളെ അട്ടിമറിക്കാനായിരുന്നു പദ്ധതി. തെലങ്കാന, ആന്ധ്ര പ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ വീഴ്ത്താനായിരുന്നു പദ്ധതി. ഇതുവരെ എട്ട് സർക്കാരുകളെ വീഴ്ത്തിയെന്ന് ഏജൻറുമാർ വെളിപ്പെടുന്ന വീഡിയോയും പുറത്തുവന്നു. എല്ലാ ഓപ്പറേഷനുകൾക്ക് പിന്നിലും ഒരേ ടീമാണ്. തുഷാറിൻ്റെ നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി തുറന്നടിച്ചു.’ മാധ്യമങ്ങൾക്ക് മുന്നിൽ കൈക്കൂപ്പിയ കെസിആർ, രാജ്യത്തെ രക്ഷിക്കൂവെന്ന് സുപ്രീംകോടതിയോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ചു.
ബിജെപി ഏജന്റുമാരുടെ ഇടപെടൽ വ്യക്തമാക്കുന്ന വീഡിയോ തെളിവുകളും ഫോൺ രേഖകളും മാധ്യമങ്ങൾക്ക് കൈമാറി. എജന്റുമാർ എംഎൽഎമാരോട് സംസാരിച്ച ശേഷം, ബിജെപി നേതാക്കളുമായി ബന്ധപ്പെട്ടതിൻ്റെയും തെളിവുകളുമുണ്ടെന്ന് കെസിആർ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും വിവിധ പാർട്ടി അധ്യക്ഷൻമാർക്കും ഈ തെളിവുകൾ അയച്ചുനൽകുമെന്ന് കെസിആർ അറിയിച്ചു. ബിജെപി എന്താണ് ചെയ്യുന്നതെന്നും എങ്ങനെയാണ് ഭരണം പിടിക്കുന്നതെന്നും രാജ്യം അറിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ കേരള എൻഡിഎ കൺവീനറും ബി.ഡി.ജെ.എസ് ദേശിയ അധ്യകഷൻ കൂടിയാണ് തുഷാര്.