ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നത രൂക്ഷം. സെപ്തംബറിൽ പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിൽ മൗനം വെടിഞ്ഞ് മുതിർന്ന നേതാവ് സച്ചിൻ പൈലറ്റ്. അച്ചടക്കമില്ലായ്മയുടെ പേരിൽ എഐസിസി നോട്ടീസ് നൽകിയവർക്കെതിരെ പാർട്ടി ഉടൻ നടപടിയെടുക്കണമെന്നാണ് സച്ചിൻ പൈലറ്റിൻ്റെ ആവശ്യം.
രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 13 മാസം മാത്രമേ ബാക്കിയുള്ളൂവെന്നും സിഎൽപി യോഗം പോലെ എന്ത് തീരുമാനങ്ങളെടുത്താലും എഐസിസി അത് ഉടൻ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ നിയമങ്ങളും അച്ചടക്കവും എല്ലാവർക്കും ബാധകമാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പൈലറ്റ് കൂട്ടിച്ചേർത്തു.
അശോക് ഗെഹ്ലോട്ട് ക്യാമ്പിലെ എംഎൽഎമാർ സെപ്തംബർ 25 ന് നടന്ന സിഎൽപി യോഗത്തിൽ നിന്ന് വിട്ടു നിൽക്കുകയും സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാകാനുള്ള പാർട്ടി നീക്കത്തിനെതിരെ ധരിവാളിന്റെ വസതിയിൽ സമാന്തരമായി യോഗം ചേരുകയും ചെയ്തതിനെ തുടർന്ന് പാർലമെന്ററി കാര്യ മന്ത്രി ശാന്തി ധാരിവാൾ, ചീഫ് വിപ്പ്, പിഎച്ച്ഇഡി മന്ത്രി മഹേഷ് ജോഷി, ആർടിഡിസി ചെയർമാൻ ധർമേന്ദ്ര റാത്തോഡ് എന്നിവർക്ക് നോട്ടീസ് അയച്ചിരുന്നു.