ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതിയായ ഋഷികേശ് ദേവ്ദികർ നൽകിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്. മഹാരാഷ്ട്ര സ്വദേശിയായ ഋഷികേശ് 2020 ജനുവരിയിലാണ് അറസ്റ്റിലായത്. 2017 സെപ്റ്റംബർ അഞ്ചിന് രാത്രിയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വസതിക്ക് മുന്നിൽ തീവ്രഹിന്ദുത്വ വാദികളുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. 2018 നവംബർ 23 ന് പ്രത്യേക അന്വേഷണ സംഘം കേസിൽ കുറ്റപത്രം സമർപ്പിച്ചു.
കൊലക്കേസിൽ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണം. എന്നാൽ 2020 ഏപ്രിൽ വരെ തനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചില്ലെന്നും അതിനാൽ സ്വാഭാവിക ജാമ്യം അനുവദിക്കാൻ അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം കോടതിൽ ഹർജി നൽകിയത്. എന്നാൽ അറസ്റ്റ് ചെയ്യുന്നതിന് മുൻപുതന്നെ ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് ജാമ്യം നിഷേധിക്കുകയായിരുന്നു.