ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നീ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി വൈകീട്ട് മൂന്ന് മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
14ാം ഗുജറാത്ത് നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരിയിലാണ് അവസാനിക്കുക. ഇതിന് മുന്‍പായി പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തും വിധമാകും തെരഞ്ഞെടുപ്പ് തീയതികള്‍. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ ഭരണകക്ഷിയായ ബിജെപിക്ക് 111 അംഗങ്ങളുണ്ട്. 2017ല്‍ 77 എംഎല്‍എ മാരുണ്ടായിരുന്ന കോണ്‍ഗ്രസിൻ്റെ 15 എംഎല്‍എമാര്‍ വിവിധ കാലയളവിലായി ബിജെപിയില്‍ ചേര്‍ന്നു. ദുര്‍ബലരായ കോണ്‍ഗ്രസല്ല, ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി- ബിജെപി പോരാട്ടമാണെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് എ എ പി.
68 അംഗ ഹിമാചല്‍ നിയമസഭയുടെ കാലവധി ഡിസംബര്‍ 13ന് അവസാനിക്കും. നിലവില്‍ 45 സീറ്റുകളുമായി ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. കോണ്‍ഗ്രസും മത്സര രംഗത്ത് സജീവമാണ്. എകന്നാല് നേതാക്കളും അണികളും ബിജെപിയിലേക്ക് പോകുന്നത് സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയും ഇത്തവണ സംസ്ഥാനത്ത് സാന്നിദ്ധ്യമറിയിക്കുമെന്ന് പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കിയിട്ടുണ്ട്.