ഡി എം കെ അധ്യക്ഷനായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഡി എം കെ അധ്യക്ഷനായി സ്റ്റാലിനെ ഐക്യകണ്ഠേനയാണ് പാർട്ടി തെരഞ്ഞെടുത്ത്. ചെന്നൈയിൽ നടന്ന പൊതുയോഗത്തിലാണ് തീരുമാനം. മുതിർന്ന നേതാവ് ദുരൈമുരുഗനാണ് ഡിഎംകെ ജനറൽ സെക്രട്ടറി. ടി ആർ ബാലുവാണ് ട്രഷറർ. ഇവരെല്ലാം രണ്ടാം തവണയാണ് അതേ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
2018ൽ മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ വിയോഗത്തെ തുടർന്നാണ് സ്റ്റാലിൻ പാർട്ടി അധ്യക്ഷനായി ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ഡി എം കെയുടെ യൂത്ത് വിങ് സെക്രട്ടറിയായും ട്രഷററായും സ്റ്റാലിൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1949ലാണ് ഡി എം കെ സ്ഥാപിതമായത്.1969ലാണ് പാർട്ടിയിൽ ആദ്യമായി പ്രസിഡന്റ് സ്ഥാനം വരുന്നത്. കരുണാനിധിയായിരുന്നു ഡി എം കെയുടെ ആദ്യ പ്രസിഡന്റ്. ഡി എം കെ സ്ഥാപക നേതാവായ സി എൻ അണ്ണാദുരൈയായിരുന്നു ആദ്യ ജനറൽ സെക്രട്ടറി.