രാജ്യത്തെ ദാരിദ്ര്യവും തൊഴിലില്ലായ്മയും അസമത്വവും ആശങ്കപ്പെടുത്തുന്നെന്ന് ആര്‍എസ്എസ്. ആര് എസ് എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലെയാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വിമര്‍ശനവുമായി രംഗത്തെത്തിയത്. ദാരിദ്ര്യം രാജ്യത്ത് ഭൂതത്തെപ്പോലെ നില്‍ക്കുകയാണ്. 20 കോടി ജനങ്ങള്‍ ഇപ്പോഴും ദാരിദ്ര രേഖയ്ക്ക് താഴെയാണ് എന്നത് ഏറെ സങ്കടകരമായ കണക്കാണ്. 23 കോടി ആളുകളുടെ പ്രതിദിന വരുമാനം 375 രൂപയ്ക്ക് താഴെയാണ്. തൊഴിലില്ലാത്തവരുടെ കണക്ക് നാല് കോടിയാണെന്നും ചൂണ്ടിക്കാട്ടിയാണ് ആര് എസ് എസിൻ്റെ പ്രധാന ദേശീയ നേതാവിൻ്റെ വിമര്‍ശനം.
സാമ്പത്തിക അസമത്വം രാജ്യത്ത് വര്‍ധിക്കുകയാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും ഉയര്‍ന്ന ഒരു ശതമാനത്തിന് രാജ്യത്തിന്റെ വരുമാനത്തിൻ്റെ അഞ്ചില്‍ ഒന്ന് (20%) ഉണ്ട്. അതേസമയം ജനസംഖ്യയുടെ 50 ശതമാനം പേര്‍ക്ക് രാജ്യത്തിൻ്റെ വരുമാനത്തിൻ്റെ 13 ശതമാനം മാത്രമാണുള്ളതെന്നും ഹൊസബലെ പറഞ്ഞു. ആര് എസ് എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചിൻ്റെ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ഭരണത്തില്‍ രാജ്യത്ത് ദാരിദ്ര്യവും തൊഴിലില്ലായ്മയും വര്‍ധിക്കുന്നുവെന്ന പ്രതിപക്ഷത്തിൻ്റെ വിമര്‍ശനങ്ങള്‍ ശരിവയ്ക്കുന്നതാണ് ആര് എസ് എസ് ജനറല്‍ സെക്രട്ടറിയുടെ വാക്കുകള്‍. ഇന്ത്യയില്‍ പാവപ്പെട്ടവനും ധനികനും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമാന നിലപാട് ആര് എസ് എസും ആവര്‍ത്തിച്ചത്.