കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്ന ദ്വിഗ് വിജയ് സിംഗ് പിന്മാറി. രാജ്യസഭാ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ മല്ലിഗാർജ്ജുൻ ഖാർഗയെ കണ്ട് മത്സരിക്കുന്നില്ലെന്ന തീരുമാനം ദ്വിഗ് വിജയ് സിംഗ് അറിയിച്ചു.
ഇന്ന് രാവിലെയാണ് മത്സരിക്കുമെന്ന തീരുമാനം മല്ലികാർജ്ജുൻ ഖാർഗെ വ്യക്തമാക്കിയത്. അതിനു പിന്നാലെയാണ് ദ്വിഗ് വിജയ് സിംഗിൻ്റെ പിന്മാറ്റം. അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്നാണ്. ഇന്ന് പകൽ 11 മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. ഇന്നലെ മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്ന ദ്വിഗ് വിജയ് സിംഗ് ഇന്ന് രാവിലെ വരണാധികാരി മധുസൂദൻ മിസ്ത്രിയുടെ ഓഫീസിലെത്തി പത്രിക വാങ്ങിയിരുന്നു.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥിയായി മുകുൾ വാസ്നിക് മത്സരിക്കുമെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ശശി തരൂരും ദ്വിഗ് വിജയ് സിങ്ങും തമ്മിലാകും പ്രധാന മത്സരമുണ്ടാകുക. ഇന്ന് ഉച്ചയോടെ നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് ശശി തരൂർ അറിയിച്ചിരുന്നു. പിന്നാലെ പത്രസമ്മേളനവും ചേരും.