പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പിഎഫ്ഐയെ കേന്ദ്ര സർക്കാർ നിരോധിക്കുന്നതിന് സമയമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുമെന്ന് വെള്ളിയാഴ്ച കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും സൂചന നൽകിയിരുന്നു. മന്ത്രിയുടെ ട്വീറ്റിലാണ് പോപ്പുലർ ഫ്രണ്ടിൻ്റെ പ്രവർത്തനങ്ങൾക്ക് അവസാനമുണ്ടാകുമെന്ന പരാമർശമുള്ളത്. ആക്രമണങ്ങളിലൂടെ ഇന്ത്യയെ ഭയപ്പെടുത്താമെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ തെറ്റി. ചില വിഭാഗങ്ങൾക്കു നേരെ ആക്രമണം നടത്തുന്ന സംഘടനയാണ് പിഎഫ്ഐ എന്ന് അവർ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുന്നു. അത് നിലനിൽക്കില്ല; അതിന് അവസാനമുണ്ടാകും. ഇത് ആധുനിക ഇന്ത്യയാണ് എന്നായിരുന്നു രാജീവ് ചന്ദ്രശേഖർ ട്വീറ്റ് ചെയ്തത്.
പിഎഫ്ഐയെ നിരോധിക്കണമെന്ന് കേന്ദ്രത്തോട് പലവട്ടം ആവശ്യപ്പെട്ടതാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമയും പ്രതികരിച്ചു. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുള്ള നിർദ്ദേശം ഉൾപ്പെടുത്തി ആഭ്യന്തര മന്ത്രാലയത്തിന് എൻഐഎ പുതിയ റിപ്പോർട്ട് നൽകും.
കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു. എൻഐഎയും ഇഡിയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പതിനഞ്ച് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡിൽ 106 പേർ അറസ്റ്റിലായിരുന്നു.