വാർത്താചാനലുകൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. വാർത്താ ചാനലുകളിലെ അവതാരകർക്കെതിരെയാണ് സുപ്രീംകോടതി വിമർശനം ഉന്നയിച്ചത്. ചാനൽ ചർച്ചകളിൽ അവതാരകർ അതിഥികളെ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും, വിദ്വേഷ പ്രസംഗം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അവതാരകരാണെന്നും കോടതി പറഞ്ഞു. എന്നാൽ ഇതിന് പല അവതാരകരും തയ്യാറാകുന്നില്ല. അവതാരകർക്ക് രാഷ്ട്രീയം ഉണ്ടാകാം. ചാനലുകൾക്ക് വ്യവസായ താൽപര്യങ്ങളും ഉണ്ടാകും. എന്നാൽ വിദ്വേഷ പ്രസംഗം പോലുള്ളവ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസംഗങ്ങൾ തടയാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജികൾ പരിഗണിക്കവെയാണ് ജസ്റ്റിസ് കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവർ അടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
അതേസമയം, വിദ്വേഷ പ്രസംഗം തടയാൻ നിയമം അനിവാര്യമെന്ന് ജസ്റ്റിസ് കെ എം ജോസഫ് വ്യക്തമാക്കി. കേന്ദ്ര സർക്കാർ എന്തുകൊണ്ട് മൂകസാക്ഷിയായി ഇരിക്കുന്നുവെന്നും കോടതി ചോദിച്ചു. പാശ്ചാത്യ രാജ്യങ്ങളിൽ, ചർച്ചക്കിടയിൽ ഉണ്ടാകുന്ന വിദ്വേഷ പ്രസംഗങ്ങൾ തടയാത്തവർക്കെതിരെ നടപടി എടുക്കാൻ നിയമമുണ്ട്. ഇവിടെയും അത്തരം നിയമം അനിവാര്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം മലയാള ദൃശ്യമാധ്യമങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി രംഗത്തുവന്നിരുന്നു. ടിവി ചാനലുകൾ കേരളം സാക്ഷരതയിൽ കൈവരിച്ച നേട്ടത്തെ കൊല്ലുകയാണെനന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. അധ്യാപക നിയമനത്തിനുള്ള യോഗ്യതാ നിർണയ പരീക്ഷ പാസാകുന്നതിന് പൊതു വിഭാഗത്തിൽപ്പെട്ടവർക്കും, സംവരണ വിഭാഗത്തിൽപ്പെട്ടവർക്കും വ്യത്യസ്ത മാർക്ക് നിശ്ചയിച്ചതിന് എതിരായി എൻഎസ്എസ് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം