രാജസ്ഥാനിൽ ദളിത് യുവാവിന് മേൽജാതിക്കാരുടെ ക്രൂര മർദ്ദനം. ജയ്സാൽമീർ ജില്ലയിലെ ദിഗ്ഗ ഗ്രാമത്തിലാണ് സംഭവം. മേൽജാതിയിൽപ്പെട്ടവർക്കുള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. ഇരുമ്പു വടി ഉപയോഗിച്ചാണ് അഞ്ചംഗ സംഘം ചതുര റാം എന്ന മുപ്പത്തിയാറുകാരനെ ആക്രമിച്ചത്. സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു. പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം അടക്കമുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
സെപ്റ്റംബർ ആറിന് ദിഗ്ഗയിലേക്ക് പോകുന്ന വഴിയിലാണ് ചതുര റാം ആക്രമിക്കപ്പെട്ടത്. ഭാര്യയോടൊപ്പം യാത്ര ചെയ്തിരുന്ന ചതുര റാം പലചരക്ക് കടയ്ക്ക് പുറത്ത് സൂക്ഷിച്ചിരുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചു. എന്നാൽ കടയ്ക്ക് പുറത്ത് വെച്ച പാത്രത്തിലെ വെള്ളം മേൽ ജാതിയിൽപ്പെട്ടവർക്കുള്ളതാണ് എന്നാരോപിച്ച് അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. ഇരുമ്പു വടി ഉപയോഗിച്ച് ആക്രമിച്ചതിന് പുറമെ ഭാര്യയുടെ മുന്നിലിട്ട് അസഭ്യ വർഷം ചൊരിയുകയും ചെയ്തു.
ആക്രമണത്തിൽ ചതുര റാമിന്റെ ചെവിക്ക് സാരമായി പരിക്കേറ്റു. ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലും പരിക്കുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച് മൊഴിയെടുത്തതായി പോലീസ് വ്യക്തമാക്കി.