കോൺഗ്രസിനെതിരെ പരിഹാസവുമായി ആം ആദ്മി രാജ്യസഭാഗം രാഘവ് ഛദ്ദ. ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നതോടെയാണ് രാഘവ് ഛദ്ദ പരിഹാസവുമായി രംഗത്തെത്തിയത്. കോൺഗ്രസിന് വോട്ട് നൽകിയാൽ തെരഞ്ഞെടുക്കുന്നത് ഭാവി ബിജെപി എംഎൽഎയെ ആണെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ഓപ്പറേഷൻ താമര ഡൽഹിയിലും പഞ്ചാബിലും പരാജയപ്പെട്ടു, എന്നാൽ ഗോവയിൽ വിജയിച്ചിരിക്കുന്നു! എന്താണ് കാരണം? എന്തെന്നാൽ നിങ്ങൾ കോൺഗ്രസിന് വോട്ടുചെയ്യുമ്പോൾ തെരഞ്ഞെടുക്കുന്നത് ഭാവി ബിജെപി എംഎൽഎയെ ആയിരിക്കും. കോൺഗ്രസ് അവസാനിച്ചു. ആർഐപി. എന്നാണ് രാഘവ് ഛദ്ദ ട്വിറ്ററിൽ കുറിച്ചത്.
ഗോവയിൽ എട്ട് കോൺഗ്രസ് എംഎൽഎമാരാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ദിഗംബർ കാമത്ത് അടക്കമുള്ളവരാണ് ബിജെപിയിൽ ചേക്കേറിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ് സ്ഥാനാർത്ഥികളെല്ലാം വിജയിച്ചാൽ കോൺഗ്രസിനൊപ്പം തുടരുമെന്ന് ക്ഷേത്രങ്ങളിലും പള്ളികളിലും പോയി സത്യം ചെയ്തിരുന്നു. ഈ പ്രതിജ്ഞ ലംഘിച്ചതിനെക്കുറിച്ചും ദിഗംബർ കാമത്ത് പ്രതികരിച്ചു.
കോൺഗ്രസ് വിടില്ലെന്ന് ദൈവത്തിന് മുന്നിൽ സത്യം ചെയ്തുവെന്നത് യാഥാർത്ഥ്യമാണ്. അത് നിഷേധിക്കുന്നില്ല. എന്നാൽ പിന്നീട് വീണ്ടും ദൈവത്തിൻ്റെ അടുത്ത് പോയെന്നും പുതിയ തീരുമാനത്തെക്കുറിച്ച് അറിയിച്ചപ്പോൾ ദൈവം കോൺഗ്രസ് വിടുന്നതിന് സമ്മതം നൽകിയെന്നുമായിരുന്നു കാമത്തിൻ്റെ പ്രതികരണം.