മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പങ്കെടുത്ത പരിപാടിയിൽ ഗോമൂത്രം തളിച്ച് ഉദ്ദവ് താക്കറെയുടെ അനുയായികൾ. വേദിയിൽ തളിക്കാനുള്ള ഗോമൂത്രം ബക്കറ്റിലാണ് സംഭവ സ്ഥലത്തെത്തിച്ചത്. വേദിയിലും ഷിൻഡെ വരുന്ന വഴിയിലും ഗോമൂത്രം തളിച്ചത് നാരങ്ങ ഇലകൾ ഉപയോഗിച്ചാണ്. ഔറംഗാബാദിലെ ബിഡ്കിനിലാണ് സംഭവം.
എന്നാൽ സംഭവത്തിൽ ഷിൻഡെ പക്ഷം പ്രതികരിച്ചില്ല. കഴിഞ്ഞ ദിവസം മുംബൈയിൽ ഇരുപക്ഷവും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. മുംബൈയിലെ ദാദറിൽ കഴിഞ്ഞ ശനിഴാഴ്ചയായിരുന്നു ഏറ്റുമുട്ടൽ. ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെയായിരുന്നു സംഭവം. പ്രഭാവേദിയിലും ദാദർ പോലീസ് സ്റ്റേഷന് പുറത്തുമായാണ് ഏറ്റുമുട്ടലുണ്ടായത്. പോലീസ് സ്റ്റേഷൻ പരിസരത്തെ സംഘർഷത്തിനിടെ ഷിൻഡെ പക്ഷക്കാരനായ എംഎൽഎ വെടിയുതിർത്തിരുന്നു. വെടിയുതിർത്ത എംഎൽഎ സദാ സവർങ്കറിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
അതിനു പിന്നാലെയാണ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെയുടെ അനുയായികൾ ഗോമൂത്രം തളിച്ചത്. ഉദ്ദവ് താക്കറെയുടെ അനുയായികൾ ഗോമൂത്രം തളിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വയറലാണ്. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിൽ നിന്ന് ഷിൻഡെ പക്ഷം പുറത്തു പോകുകയും ബിജെപിയുമായി സഖ്യം ചേരുകയും ചെയ്തതോടെയാണ് ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ടാകുന്നത്.