രാജ്യത്ത് കർഷക ആത്മഹത്യകൾ വർദ്ധിക്കുന്നു. പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് മാത്രം പുറത്തു വന്നത് ഞെട്ടിക്കുന്ന കണക്കുകൾ. ബംഗാളിലെ പശ്ചിമ മേദിനിപൂർ ജില്ലയിൽ മാത്രം കഴിഞ്ഞ വർഷം ജീവനൊടുക്കിയത് 122 കർഷകരാണ്. 2022 ജനുവരി മുതൽ ഓഗസ്റ്റ് വരെ പശ്ചിമ മേദിനിപുരിൽ 34 കർഷകർ ആത്മഹത്യ ചെയ്തു. വിവരാവകാശപ്രവർത്തകനായ ബിശ്വനാഥ് ഗോസ്വാമിക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യമുള്ളത്.
പശ്ചിമ മേദിനിപൂർ ജില്ലയിലെ ഇരുപത്തിമൂന്ന് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള കണക്കാണിത്. കഴിഞ്ഞ വർഷം പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയിൽ രണ്ട് ദിവസത്തിനിടെ മൂന്ന് കർഷകർ ആത്മഹത്യ ചെയ്തിരുന്നു. വ്യാപകമായി കൃഷി നാശം ഉണ്ടായതോടെയാണ് കർഷകർ ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു.
സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ ഇല്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി നിയമസഭയിലും പുറത്തും ആവർത്തിച്ച് പറയുമ്പോഴാണ് ആത്മഹത്യകൾ ബംഗാളിൽ പെരുകുന്നത്. ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ 2019 ൽ വൻ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. മൂന്ന് വർഷം പിന്നിട്ടിട്ടും സർക്കാർ കർഷകർക്കനുകൂലമായ നിലപാടെടുത്തില്ലെന്നും കിസാൻ സഭ വ്യക്തമാക്കി.
അതേസമയം മഹാരാഷ്ട്രയിലെ യവാത്മാൾ ജില്ലയിൽ ഈ മാസം ഇതുവരെ ആത്മഹത്യ ചെയ്തത് പന്ത്രണ്ട് കർഷകരാണ്. കഴിഞ്ഞ മാസം 48 കർഷകരും ആത്മഹത്യ ചെയ്തിരിക്കുന്നു. ഈ വർഷം ഇതുവരെ ജില്ലയിൽ ആത്മഹത്യ ചെയ്തത് 205 കർഷകരാണ്. ഈ കണക്ക് ജില്ലാ ഭരണകൂടം സ്ഥിതീകരിച്ചു.