ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഛോട്ടാ ഷക്കീലിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പ്രതിഫലം. അനീസ്, ചിക്ന, മേമൻ എന്നിവരെ കുറിച്ച് വിവരം നൽകിയാൽ 15 ലക്ഷം രൂപ പ്രതിഫലം നൽകുമെന്നും ഏജൻസി. ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റവാളിയായ ദാവൂദ് നിരവധി ആളുകൾ കൊല്ലപ്പെട്ട 1993 ലെ മുംബൈ സ്ഫോടനപരമ്പരയിലെ മുഖ്യപ്രതിയാണ്. 2003 ല്‍ ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് 25 മില്ല്യണ്‍ ഡോളര്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രഖ്യാപിച്ചിരുന്നു.
മുംബൈ കേന്ദ്രീകരിച്ച് സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്ന സിൻഡിക്കേറ്റ് ഡി കമ്പനിയുടെ സ്ഥാപകനും നേതാവുമാണ് ദാവൂദ്. പാക് ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെ ഡി കമ്പനി ഇന്ത്യയില്‍ പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷം ഫെബ്രുവരിയില്‍ എന്‍ഐഎ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ വര്‍ഷം മെയില്‍ അന്വേഷണത്തിൻ്റെ ഭാഗമായി 29 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തി.
എന്‍ഐഎയുടെ കേസിൻ്റെ അടിസ്ഥാനത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ചുള്ള അന്വേഷണം ഇ ഡിയും ആരംഭിച്ചിട്ടുണ്ട്. ആയുധക്കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, പണം തട്ടല്‍, വ്യാജ ഇന്ത്യന്‍ കറന്‍സി നിര്‍മാണം, അധോലോക ഗുണ്ടാപ്രവര്‍ത്തനങ്ങള്‍, ഭീകരപ്രവര്‍ത്തനത്തിന് പണം കണ്ടെത്തുന്നതിനായി അനധികൃതമായി സ്വത്ത് കൈവശപ്പെടുത്തല്‍ തുടങ്ങിയ കൃത്യങ്ങളില്‍ ഡി കമ്പനി ഏര്പ്പെട്ടുവരുന്നതായാണ് എഫ്ഐആറില്‍ ഉള്ളത്.