പരീക്ഷയിൽ മനഃപൂർവം തോൽപിച്ചു എന്നാരോപിച്ച് അധ്യാപകനെ കെട്ടിയിട്ട് തല്ലി. ജാർഖണ്ഡിലെ ധൂംകയിലാണ് സംഭവം. ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് അധ്യാപകനെ തല്ലിയത്. ഇയാൾ സ്കൂളിലെ പ്രധാന അധ്യാപകൻ കൂടിയാണ്. ജില്ലയിലെ ഗോപികന്ദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സർക്കാർ നടത്തുന്ന പട്ടികവർഗ റെസിഡൻഷ്യൽ സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് അധ്യാപകൻ മാർക്ക് കുറച്ചുവെന്നാണ് വിദ്യാർഥികളുടെ ആരോപണം. 32 വിദ്യാർഥികൾ ഉള്ള ക്ലാസിൽ 11 പേർക്ക് ഡബിൾ ഡി ഗ്രേഡ് കിട്ടിയതാണ് വിദ്യാർഥികളെ ചൊടിപ്പിച്ചത്. ഡി ഗ്രേഡ് തോറ്റതിന് തുല്യമാണ്.
സ്കൂൾ മാനേജ്മന്റ് പരാതി നൽകാത്തതിനാൽ കേസ് എടുക്കാനാകില്ല എന്നാണ് പൊലീസ് പറയുന്നത്. പരാതിപ്പെടാൻ പൊലീസ് ആവിശ്യപെട്ടിരുന്നെങ്കിലും പരാതി നൽകാൻ മാനേജ്മന്റ് തയ്യാറായില്ല. വിദ്യാർത്ഥികളുടെ ഭാവി നശിക്കും എന്ന് സ്കൂൾ മാനേജ്മന്റ് പറഞ്ഞതായി പൊലീസ് പ്രതികരിച്ചു. സ്കൂളിലെ ക്ലർക്കിനും മർദനമേറ്റു. ഇരുവരും പരാതി നൽകിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഇരുന്നൂറിൽപരം വിദ്യാർഥികളുള്ള സ്കൂളിൽ ഭൂരിഭാഗവും അക്രമത്തിൽ പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു. മർദ്ദനമേറ്റ ശേഷം പ്രധാന അധ്യാപകനെ ആ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. വിദ്യാർഥികൾ തോറ്റത് പ്രാക്ടിക്കൽ പരീക്ഷയ്ക്കാണോ അതോ തിയറി പേപ്പറിനാണോ എന്ന് വ്യക്തമല്ലെന്നും മാർക് ഷീറ്റുകൾ കാണിക്കാൻ സ്കൂൾ മാനേജ്മെന്റ് തയ്യാറായില്ലെന്നും പൊലീസ് വെളിപ്പെടുത്തി.