ഇന്ത്യ-പാക് വിഭജനത്തിൻ്റെ കാരണക്കാരൻ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവാണെന്ന് ബിജെപി. ഇന്ത്യ പാക് വിഭജനത്തിന്റെ വാർഷിക ദിനത്തിലാണ് നെഹ്രുനെ കുറ്റക്കാരനാക്കി ചിത്രീകരിച്ച ദൃശ്യങ്ങൾ ഔദ്യോഗിക പേജുകളിലൂടെ ബിജെപി പുറത്ത് വിട്ടത്. ജവഹർലാൽ നെഹ്റു മുഹമ്മദ് അലി ജിന്നയുടെ മുമ്പിൽ മുട്ടുകുത്തിയെന്നും ബിജെപി ആരോപിച്ചു.
പഞ്ചാബിൻ്റെയും ബംഗാളിൻ്റെയും വിഭജിച്ചു കൊണ്ടുള്ള രൂപരേഖ തയാറാക്കിയ സിറിൽ ജോൺ റാഡിക്ലിഫിനെയും ദൃശ്യങ്ങളിൽ വിമർശിക്കുന്നുണ്ട്. ഇന്ത്യൻ പൈതൃകത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത ഒരാൾ എങ്ങനെയാണ് രൂപരേഖ തയാറാക്കാനാകുകയെന്നും ബിജെപി വീഡിയോയിൽ ചോദിക്കുന്നു. ഈ സന്ദർഭങ്ങളിലെല്ലാം നെഹ്റുവിന്റെ ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
നേരത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയിൽനിന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ നെഹ്റുവിനെ ഒഴിവാക്കിയിരുന്നു. ആസാദി ക അമൃത് മഹോത്സവിൻ്റെ ഭാഗമായി നൽകിയ പത്ര പരസ്യത്തിലാണ് നെഹ്രുവിനെ ഒഴിവാക്കിയത്. എന്നാൽ നെഹ്രുവല്ല വിഭജനത്തിന് കാരണമെന്നും സവർക്കർമാരും മുഹമ്മദലി ജിന്നമാരും ആധുനിക ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമങ്ങളിലാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് എംപി പറഞ്ഞു.
ഇന്ത്യ വിഭജനത്തിന്റെ ഓർമ്മകൾ ഓഗസ്റ്റ് പതിനാലിന് അനുസ്മരിക്കണമെന്ന് 2021ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആഹ്വാനം ചെയ്തിരുന്നു. ചരിത്രത്തിൽ ഇത്രയും ഭീതി നിറഞ്ഞ ദിവസം ആഘോഷിക്കാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണെന്നും ജയറാം രമേശ് എംപി പറഞ്ഞു. രണ്ട് രാജ്യങ്ങൾ എന്ന ആശയം സർവക്കറുടേതായിരുന്നു. മുഹമ്മദലി ജിന്ന അത് പ്രാവർത്തികമാക്കുകയായിരുന്നു. വിഭജിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ഇന്ത്യ അനേകം ചെറുരാജ്യങ്ങളായി മാറുമായിരുന്നെന്ന് സർദാർ പട്ടേൽ ഒരിക്കൽ എഴുതിയിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.