ബിജെപിയിൽ നേതൃനിരയിലേക്ക് പരിഗണിക്കുന്നത് ജാതി അടിസ്ഥാനത്തിലാണെന്ന് ആക്ഷേപം. ഏറ്റവുമൊടുവിൽ മഹാരാഷ്ട്ര ബിജെപി ഘടകത്തിലാണ് നേതൃനിരയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജാതി വിവേചനമുള്ളതായി ആരോപണമുയർന്നത്. രണ്ടു തവണ പാർട്ടി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ചന്ദ്രശേഖർ ബവാങ്കുലെ മുംബൈ യൂണിറ്റ് അദ്ധ്യക്ഷനാകാൻ സാധ്യതയുണ്ടായിരുന്നെങ്കിലും അവസാന നിമിഷം എംഎൽഎ ആശിഷ് ഷേലറിനെ ബിജെപി മുംബൈ യൂണിറ്റിന്റ പുതിയ അദ്ധ്യക്ഷനായി നിയോഗിച്ചു.
ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയാണ് ആശിഷ് ഷേലറിനെ മുംബൈ യൂണിറ്റ് അദ്ധ്യക്ഷനായി നിയമിച്ചത്. മുംബൈ യൂണിറ്റ് അദ്ധ്യക്ഷനായിരുന്ന മംഗൾ പ്രഭാത് ലോഥ ഏകനാഥ് ഷിൻഡേ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് നേതൃമാറ്റം ഉണ്ടായത്. മഹാരാഷ്ട്രയിലെ ചില പ്രദേശങ്ങളിൽ ജനസംഖ്യാ പ്രാതിനിധ്യമുള്ള തെലി സമുദായത്തിൽ നിന്നുള്ള ബവാങ്കുലെ ഓബിസി വിഭാഗക്കാരനും ആശിഷ് ഷേലർ മറാത്ത വംശജനുമാണ്. ജാതിയുടെ അടിസ്ഥാനത്തിൽ നേതൃനിരയിലേക്ക് നേതാക്കളെ പരിഗണിക്കുന്നതിനാലാണ് ബവാങ്കുലെക്ക് സ്ഥാനക്കയറ്റം നൽകാത്തതെന്നാണ് പാർട്ടിയിലെ ഒരുവിഭാഗത്തിന്റെ ആക്ഷേപം.