രാജ്യമെങ്ങും ഇന്ന് ബിബിസി ഡോക്യുമെന്ററിയെ കാണുകയും കേൾക്കുകയുമാണ്. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്കും മുസ്ലിം വിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിക്കുന്ന ബിജെപി സർക്കാരിൻ്റെ നയങ്ങളെ അടിമുടി വിമർശിച്ചുകൊണ്ടുള്ളതാണ് ബിബിസി ഡോക്യുമെന്ററി. ഗോരക്ഷയുടെപേരിലുള്ള ആൾക്കൂട്ടക്കൊലപാതകങ്ങൾ, പൗരത്വനിയമപ്രക്ഷോഭത്തെ തുടർന്നുള്ള ഡൽഹി കലാപം, കശ്മീരിൻ്റെ പ്രത്യേക പദവി നീക്കൽ എന്നിവയൊക്കെ രാജ്യത്തെ മുസ്ലിം വിഭാഗത്തെ ലക്ഷ്യമിട്ടുള്ള സർക്കാർ നീക്കങ്ങളായാണ് ഡോക്യുമെന്ററി നിരീക്ഷിക്കുന്നത്.
മൂടിവെയ്ക്കപ്പെടുന്ന സത്യം പുറത്ത് വരുമ്പോൾ രാജ്യമെങ്ങും അടിച്ചമർത്തൽ പാത സ്വീകരിക്കുകയാണ് സംഘപരിവാർ സംഘടന. സർവകലാശാലകളിൽ പ്രദർശനം നടത്താൻ അധികൃതർ അനുവാദം നൽകാത്തതും, പരക്കെ അക്രമം അഴിച്ചുവിടുന്നതും ഇതിനെല്ലാം അടിവരയിടുന്നു. ഒടുവിലായി പ്രദർശനം അനുവദിക്കാത്തത് ഡൽഹി അംബേദ്കർ സർവകലാശാലയാണ്. ഡോക്യുമെന്ററി പ്രദർശിപ്പിക്കില്ല എന്ന നിലപാടാണ് അധികൃതർ കൈകൊണ്ടിരിക്കുന്നത്.
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. എല്ലാ എതിർപ്പുകളെയും അവഗണിച്ച് വിദ്യാർത്ഥികൾ തന്നെ മുന്നിട്ടിറങ്ങി ഡോക്യുമെന്റി പ്രദർശിപ്പിച്ചു. എന്നാൽ, വൈദ്യുതിയും ഇന്റർനെറ്റും വിച്ഛേദിച്ച്, വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കാണാനും കഴിക്കാനും ധരിക്കാനും പറയാനുമുള്ള സ്വാതന്ത്ര്യം കൂടിയാണ് ഇവിടെ ഹനിക്കപ്പെട്ടത്. ഈ നിലപാടുകളെ തന്നെയാണ് ഡോക്യുമെന്ററിയും പരസ്യമായി തന്നെ തുറന്ന് കാണിക്കുന്നതും.
എന്നാൽ, അടിച്ചമർത്തലുകൾക്ക് മുൻപിൽ തോറ്റുകൊടുക്കാൻ വിദ്യാർത്ഥികളും ഒരുക്കമല്ല. ക്യുആർ കോഡ് വഴി മൊബൈലുകളിൽ ഡോക്യുമെന്ററി കാണുകയാണ് ഇവർ. എന്തെല്ലാം അടിച്ചമർത്തലുകൾ നടത്തിയാലും കാണുകയും കേൾക്കുകയും ചെയ്യുമെന്ന് യുവതലമുറ തന്നെ കാണിച്ചുതരികയാണ്. പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ സംഘടനയും ഒപ്പം നിന്ന് പ്രവർത്തിക്കുകയാണ്. രാജ്യത്തുടനീളം ബിബിസി ഡോക്യുമെന്റി പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ നേതൃത്വം അറിയിച്ചു കഴിഞ്ഞു.
നേരത്തെ ജെഎൻയുവിലും സമാനമായ അക്രമ പരമ്പരകൾ സംഘപരിവാർ അഴിച്ചുവിട്ടിരുന്നു. ഡോക്യുമെന്റി പ്രദർശിപ്പിച്ചതിൻ്റെ പേരിൽ കല്ലേറുകളും മറ്റും നടത്തി. എന്നാൽ ലാപ്ടോപ്പ് വഴി വിദ്യാർത്ഥികൾ ഡോക്യുമെന്ററി കാണുകയും ചെയ്തിരുന്നു. സർവകലാശാല അനുവദിക്കാത്തതിനെ തുടർന്ന് ഹോസ്റ്റലിൽ പോലും ഡോക്യുമെന്ററി പ്രദർശിപ്പിച്ച് തോറ്റുകൊടുക്കില്ലെന്ന് വിദ്യാർത്ഥികൾ സംഘപരിവാർ സംഘടനയ്ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. ജാമിയ മിലിയയിലും ഇതേ നിലപാട് തന്നെയാണ് അധികൃതർ കൈകൊള്ളുന്നത്.