ലിജോ ജോസ് പെല്ലിശേരി ടീമിൻറെ നൻപകൽ നേരത്ത് മയക്കം സിനിമയെ വാഴ്ത്തി സംവിധായകൻ സത്യൻ അന്തിക്കാട്. തീയേറ്ററുകളിൽ നിന്ന് മികച്ച പ്രേക്ഷക പ്രതികരണം നേടി പോകുന്നതിനിടെയാണ് ചിത്രം കണ്ട് അഭിനന്ദവുമായി സത്യൻ അന്തിക്കാട് രംഗത്ത് വന്നത്. മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ്സു നിറഞ്ഞ സ്നേഹവും അദ്ദേഹം ആശംസിക്കുന്നുണ്ട്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അഭിനന്ദന കുറിപ്പ് എഴുതിയത്.
കുറിപ്പിന്റെ പൂർണ്ണ രൂപം;
‘നൻപകൽ നേരത്ത് മയക്കം’ കണ്ടു.
ഉച്ചമയക്കത്തിലെ സ്വപ്നം പോലൊരു സിനിമ.
എത്ര മനോഹരമായാണ് ജെയിംസിന്റേയും സുന്ദരത്തിന്റേയും കഥ ലിജോ പറഞ്ഞത്.
പണ്ട് ‘മഴവിൽക്കാവടി’യുടെ ലൊക്കേഷൻ തേടി നടന്ന കാലത്ത് പഴനിയിലെ ഗ്രാമങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ചോളവയലുകളും ഗ്രാമവാസികൾ ഇടതിങ്ങിപ്പാർക്കുന്ന കൊച്ചു വീടുകളും, രാപകലില്ലാതെ അലയടിക്കുന്ന തമിഴ്പാട്ടുകളും…. ആ ഗ്രാമഭംഗി മുഴുവൻ ലിജോ ഒപ്പിയെടുത്തിരിക്കുന്നു. മമ്മൂട്ടി എന്ന അതുല്യനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം വീണ്ടും കാണാൻ സാധിച്ചു.
ജെയിംസിന്റെ നാടകവണ്ടി ഗ്രാമം വിട്ടുപോകുമ്പോൾ പിന്നാലെയോടുന്ന സുന്ദരത്തിന്റെ വളർത്തുനായയുടെ ചിത്രം ഇപ്പോഴും ഒരു നൊമ്പരമായി മനസ്സിൽ!
ലിജോ ജോസ് പെല്ലിശ്ശേരിക്കും ടീമിനും മനസ്സു നിറഞ്ഞ സ്നേഹം