പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രമാണ് വാരിസ്. പൊങ്കൽ റിലീസ് ആയി എത്തിയ വാരിസിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ഉയരുന്നത്. അണ്ണൻ തമ്പി പാസവും കുടുംബ പാസവും സ്ഥിരം വിജയഫോർമുലകളാക്കിയ തമിഴ് സിനിമയിൽ വാരിസും പുതുമയൊന്നും നൽകുന്നില്ല. കുടുംബ ബന്ധങ്ങളെ ഉപയോഗിച്ചുള്ള കഥപറച്ചിൽ ഇതിന് മുൻപും ഒട്ടേറെ സിനിമകളിൽ കണ്ടിട്ടുണ്ട്. അതേ ശൈലിതന്നെയാണ് വാരിസും ഉപയോഗിച്ചിരിക്കുന്നത്.
വംശി പൈഡിപ്പള്ളി സംവിധാനം നിർവ്വഹിച്ച ചിത്രം കുടുംബ പ്രേക്ഷകരെയാണ് കൂടുതലായും ലക്ഷ്യം വയ്ക്കുന്നത്. തെലുങ്ക് സംവിധായകനായ വംശി ‘തോഴാ’ എന്ന ചിത്രത്തിനുശേഷം ചെയ്യുന്ന രണ്ടാമത്തെ തമിഴ് സിനിമയാണ് വാരിസ്.
ബിസിനസ് സാമ്രാജ്യം കൈയ്യടക്കി വെയ്ക്കുന്ന അച്ഛൻ. പണവും പ്രശസ്തിയും ആഗ്രഹിക്കാതെ മകൻ. ഒടുവിൽ അപ്രതീക്ഷിതമായി അച്ഛന്റെ സാമ്രാജ്യം ഏറ്റെടുക്കേണ്ടി വരുന്ന മകനും, കുടുംബത്തിലെ പ്രശ്നങ്ങളും. ഈ ട്രാക്ക് ആദ്യമായല്ല സിനിമകളിൽ പ്രമേയമാകുന്നത്. അതുകൊണ്ട് തന്നെ വാരിസ് എന്ന വിജയ് ചിത്രം കാണുന്ന പ്രേക്ഷകന് കഥ മുൻകൂട്ടി മനസിൽ കാണാൻ കഴിയും എന്നതാണ് വാസ്തവം. അടുത്തകാലത്തിറങ്ങിയ വിജയ് ചിത്രങ്ങളിലെ ചില ഹിറ്റ് ബാക്ക് ഗ്രൌണ്ട് മ്യൂസിക്കും സംഭാഷണങ്ങളും ആവർത്തിച്ച് ഉപയോഗിച്ചതും സിനിമയുടെ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ട്. കുടുംബ ബന്ധങ്ങളിലെ വൈകാരിക നിമിഷങ്ങൾ പ്രേക്ഷകനെ സ്വാധിനിക്കപ്പെടുന്നില്ല എന്നതും പ്രധാന പോരായ്മയാണ്.
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന് പറയും പോലെ പഴയ കഥ പൊടിത്തട്ടി ഇന്നത്തെ കാലഘട്ടവുമായി കോർത്തിണക്കി ചെയ്ത വാരിസ് അവതരണ ശൈലിയിൽ മികവ് പുലർത്തിയിട്ടുണ്ട്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും കോമഡിയും നിലവാരമുള്ളതാണ്. ആരാധകർക്ക് വേണ്ടി മാസും ഫാമിലിയും കോർത്തിണക്കി ചെയ്ത വാരിസ് അടുത്തിടെ ഇറങ്ങിയ വിജയ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു മേക്കിംഗ് ആണ് അവലംബിച്ചിരിക്കുന്നത്.
വാരിസിൽ നായകനായി എത്തുന്ന വിജയിക്ക് പ്രേമിക്കാൻ മാത്രമായി ഒരു നടി എന്ന തലത്തിലാണ് ചിത്രത്തിൽ നായികയായി രമ്ശിക മന്ദാന എത്തുന്നത്. ചിത്രത്തിൽ കേന്ദ്രകഥാപാത്രമാകുന്നുവെങ്കിലും അവസാനത്തോട് അടുക്കുമ്പോൾ നടിക്ക് ഒരു പ്രാധാന്യമില്ലാതെ പോകുന്നുണ്ട്.
ചിത്രത്തിൽ വിജയ്ക്കൊപ്പം പ്രകാശ് രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
കെട്ടുറപ്പില്ലാത്ത കഥയും വാരിസിന്റെ പോരായ്മകളിൽ ഒന്നായിരുന്നു. ശക്തമായ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ കഴിയാത്തതിനാൽ തന്നെ പ്രകാശ് രാജ്, പ്രഭു, സുമൻ എന്നിങ്ങനെ നീളുന്ന താരനിരയെ ശരിയായി ഉപയോഗിക്കാൻ സംവിധായകന് സാധിക്കാതെ പോയതും തിരിച്ചടിയായി. വാരിസിൽ എസ് ജെ സൂര്യയുടെ അതിഥി വേഷം മാത്രമാണ് ചെറിയൊരളവിൽ ആരാധകർക്ക് ആശ്വാസമേകിയത്.