എസ്.എസ്. രാജമൗലിയുടെ ‘ആർ.ആർ.ആർ.’, ഷൗനക് സെന്നിന്റെ ‘ഓൾ ദാറ്റ് ബ്രീത്സ്’ എന്നീ ചിത്രങ്ങൾ ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്(ബാഫ്റ്റ) പ്രാരംഭ പട്ടികയിൽ ഇടംനേടി. ഗോൾഡൻ ഗ്ളോബ് പുരസ്കാരം തേടിയെത്തിയതിന് പിന്നാലെയാണ് പുതിയൊരു നേട്ടം കൂടി ചിത്രത്തെ തേടിയെത്തുന്നത്. 2022 പുറത്തിറങ്ങിയ ആർആർആറിലെ ‘നാട്ടുനാട്ടു’ എന്ന ഗാനം ഗോൾഡൻ ഗ്ളോബ് പുരസ്കാരത്തിൽ ഒറിജിനൽ സോങ് വിഭാഗത്തിലായിരുന്നു പുരസ്കാരം നേടിയത്.
സംഗീത സംവിധായകൻ എം.എം കീരവാണി ആർആർആറിന് വേണ്ടി പുരസ്കാരം ഏറ്റുവാങ്ങി. പതിനാല് വർഷത്തിന് ശേഷമാണ് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഇന്ത്യയിലെത്തുന്നത്. ഇംഗ്ലീഷിതര ചിത്രങ്ങളുടെ മത്സരവിഭാഗത്തിലാണ് ആർ.ആർ.ആറിനെ തിരഞ്ഞെടുത്തത്; ‘ഓൾ ദാറ്റ് ബ്രീത്സ്’ ഡോക്യുമെന്ററി വിഭാഗത്തിലും. ഈ മാസം 19നാണ് അവാർഡുകൾക്കുള്ള അന്തിമ നാമനിർദേശ പട്ടിക പ്രഖ്യാപിക്കുന്നത്.
ഫെബ്രുവരി 19-ന് ലണ്ടൻ സൗത്ത്ബാങ്ക് സെന്ററിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ പുരസ്കാരദാന ചടങ്ങ് നടത്തും. അതേസമയം, ഓസ്കർ പുരസ്കാരത്തിനുള്ള മത്സരപ്പട്ടികയിലും ആർ.ആർ.ആർ. ഇടംപിടിച്ചിട്ടുണ്ട്. ആർആർആറിന്റെ നേട്ടത്തെ സിനിമാ ലോകം ഒന്നടങ്കം പ്രകീർത്തിച്ചിരുന്നു. ഗാനരംഗത്തിൽ ചുവടുവയ്ക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നുവെന്നാണ് ജൂനിയർ എൻ.ടി.ആറും രാംചരണും പറഞ്ഞത്.