നീണ്ട 16 വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ഭാവന നായികയായി എത്തുന്നു. ‘ചിന്താമണി കൊലക്കേസ്’ എന്ന ചിത്രത്തിലാണ് താരം ഷാജി കൈലാസിനൊപ്പം കൈകൊടുത്തത്. ഈ കൂട്ടുകെട്ട് വീണ്ടും എത്തുന്ന സന്തോഷത്തിലാണ് ആരാധകരും. നിഖിൽ ആനന്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഡിസംബറിൽ തന്നെ ഷാജി കൈലാസ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
‘ഹണ്ട്’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൽ ഭാവനയെ കൂടാതെ അദിതി രവി, ചന്ദുനാഥ്, രൺജി പണിക്കര്‍, നന്ദു തുടങ്ങിയ താരങ്ങളും വേഷമിടുന്നുണ്ട്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്ണനാണ് ചിത്രം നിർമിക്കുന്നത്. ജാക്ക്സൺ ആണ് ഹണ്ട് എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം. കൈലാസ് മേനോനാണ് സംഗീത സംവിധായകൻ.
നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഭാവന മലയാള സിനിമാ ലോകത്തേയ്ക്ക് എത്തിയത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ വരവ് അറിയിച്ചത്. ചിത്രം റിലീസിനൊരുങ്ങുകയാണ്. നേരത്തെ ചിത്രത്തിന്റെ ഗാനങ്ങളും പോസ്റ്ററുകളും ആരാധകർക്കിടയിൽ വൈറലായിരുന്നു.
ആദിൽ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിൽ ഭാവനയ്ക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. അരുൺ റുഷ്ദി ആണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നി’ന്റെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. പോൾ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികൾ എഴുതുന്നത് വിനായക് ശശികുമാറും ആണ്.