തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് ജ്യോതിക. നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം മലയാളത്തിലേയ്ക്ക് തിരിച്ചു വരവ് നടത്തിയത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന കാതൽ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക തൻ്റെ തിരിച്ചു വരവ് മലയാള സിനിമാ ലോകത്ത് അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ചിത്രത്തിന് പാക്കപ്പ് പറഞ്ഞത്. 34 ദിവസം കൊണ്ടായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്.
മലയാളത്തിലേയ്ക്ക് മടങ്ങി വരവ് അറിയിച്ചതിന് പിന്നാലെ നീണ്ട ഇടവേളയ്ക്ക് ശേഷം ബോളിവുഡിലേയ്ക്കും നടി മടങ്ങി എത്തിയിരിക്കുകയാണ്. രാജ്കുമാർ റാവു നായകനാകുന്ന ‘ശ്രീ’ എന്ന ചിത്രത്തിലാണ് ജ്യോതിക പ്രധാന വേഷത്തിലെത്തുന്നത്. വൈകാതെ ചിത്രത്തിൻ്റെ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്ട്. വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിതകഥ പറയുന്ന ശ്രീ എന്ന ചിത്രം തുഷാർ ഹിരാനന്ദാനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ശ്രീകാന്ത് ബൊള്ളായി ചിത്രത്തിൽ രാജ്കുമാർ റാവു അഭിനയിക്കുന്നു. സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവർ ചേർന്നാണ് തിരക്കഥ. ജന്മനാ അന്ധനായിരുന്ന ചെറുപ്പക്കാരൻ തൻ്റെ കഠിനപ്രയത്നം കൊണ്ട് വിജയം സ്വന്തമാക്കുന്നതാണ് ചിത്രം പറയുന്നത്. ആന്ധ്രയിലെ കൃഷ്ണ ജില്ലയിൽ മച്ചിലി പട്ടണത്തിനടുത്ത സീതാരാമപുരത്തെ സാധാരണ കർഷ കുടുംബത്തിൽ നിന്ന് ലോകം അംഗീകരിക്കുന്ന വ്യവസായിയായി മാറിയ കഥയാണ് ശ്രീകാന്ത് ബൊള്ളയുടേത്. ഇദ്ദേഹത്തിൻ്റെ ജീവിതം സിനിമയാകുമ്പോൾ എങ്ങനെയായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും.