സിനിമാ ലോകത്ത് നിന്നും വർഷങ്ങൾ നീണ്ട ഇടവേളയെടുക്കുന്നുവെന്ന പ്രഖ്യാപനവുമായി ആമിർ ഖാൻ. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ലാൽ സിങ് ഛദ്ദയുടെ പരാജയത്തിനു ശേഷമാണ് ആരാധകരെ നിരാശയിലാക്കിയ പ്രഖ്യാപനം നടത്തിയത്. അടുത്ത കുറച്ച് വർഷങ്ങൾ അമ്മയ്ക്കും മക്കൾക്കുമൊപ്പം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അതിനൊപ്പം നല്ല സിനിമകൾ നിർമിക്കുമെന്നും ആമിർ ഖാൻ ആരാധകരോടായി പറഞ്ഞു. 2008 ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് ചിത്രത്തിൻ്റെ റീമേക്കായി എത്തുന്ന ചാംപ്യൻസിലും ആമിർ അഭിനയിച്ചേക്കില്ലെന്നും റിപ്പോർട്ട് ഉണ്ട്.
”ലാൽ സിങ് ഛദ്ദയ്ക്കു ശേഷം ഞാൻ ചെയ്യാൻ ആഗ്രഹിച്ച സിനിമയാണ് ‘ചാംപ്യൻസ്’. വളരെ നല്ല കഥയും തിരക്കഥയുമാണ് ചിത്രത്തിന്റേത്. പക്ഷേ എനിക്ക് ഇപ്പോൾ വിശ്രമം ആവശ്യമാണ്. കുടുംബത്തിൻ്റെ കൂടെ സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ 35 വർഷമായി ജോലി ചെയ്യുന്നു. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ എൻ്റെ വർക്കിൽ മാത്രമായിരുന്നു ഫോക്കസ് ചെയ്തിരുന്നത്. എന്നാൽ എൻ്റെ ഉറ്റവരെ സംബന്ധിച്ചടത്തോളം അത് ഒട്ടും പ്രായോഗികമായിരുന്നില്ല.
അവരുമായി ഒന്നിച്ചു നിൽക്കേണ്ട സമയം വന്നു കഴിഞ്ഞു. ഇനിയുള്ള കുറച്ച് വർഷങ്ങൾ നടനെന്ന നിലയിൽ എന്നെ കാണില്ല. എന്നെ സ്നേഹിക്കുന്നവർക്ക് ഇത് വിഷമകരമാവാം എങ്കിലും ചാംപ്യൻസ് എന്ന ചിത്രം ഞാൻ നിർമിക്കും. കാരണം എനിക്ക് ഈ സിനിമയിൽ വിശ്വാസമുണ്ടെന്ന് ആമിർ ഖാൻ പറയുന്നു. എൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൻ്റെ പുറകെയുള്ള ഓട്ടത്തിലായിരുന്നു എൻ്റെ ജീവിതം. ഈ യാത്രയിൽ എൻ്റെ പ്രിയപ്പെട്ടവരെ വേണ്ട വിധത്തിൽ സ്നേഹിക്കാനോ പരിഗണിക്കാനോ എനിക്കായിട്ടില്ല. എൻ്റെ മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കൾ, എൻ്റെ ആദ്യ ഭാര്യ റീന, രണ്ടാം ഭാര്യ കിരൺ, അവരുടെ മാതാപിതാക്കൾ.
അവർക്കൊന്നും വേണ്ടത്ര സമയം നൽകാൻ ആയില്ല. എൻ്റെ മകൾക്ക് 23 വയസ്സായി. കുട്ടിക്കാലം മുതലേ അവളുടെ ജീവിതത്തിൽ എൻ്റെ സാന്നിധ്യം ഉണ്ടായിട്ടില്ല എന്നത് എനിക്കറിയാം. അവൾക്ക് അവളുടേതായ ആകുലതകളും വിഷമങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ടാകും. അപ്പോഴൊന്നും അവൾക്ക് ഞാനുണ്ടായില്ല. എനിക്കിപ്പോൾ അതെല്ലാം മനസ്സിലാകുന്നു. എനിക്ക് അവളുടെ സ്വപ്നങ്ങളെക്കുറിച്ചോ ഭയത്തെക്കുറിച്ചോ അറിയില്ല. എന്നാൽ എൻ്റെ സംവിധായകരുടെ സ്വപ്നങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും എനിക്ക് അറിയാമായിരുന്നു.” ആമിർ ഖാൻ കൂട്ടിച്ചേർത്തു.