അപൂർവമായ മയോസൈറ്റിസ് രോഗം ബാധിച്ചതായി നടി സാമന്ത. പേശീ വീക്കം, എല്ലുകൾക്ക് ബലക്ഷയം, വേദന തുടങ്ങിയവ ഈ രോഗബാധിതർ നേരിടേണ്ടി വരും. താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രം ‘യശോദ’യുടെ ട്രെയ്ലർ പ്രേക്ഷകർ ഏറ്റെടുത്തതിന് പിന്നാലെ നന്ദി ആറിയിച്ചുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് തന്റെ രോഗവിവരം വെളിപ്പെടുത്തിയത്.
സാമന്തയുടെ കുറിപ്പ്:
യശോദ ട്രെയ്ലറിനോടുള്ള നിങ്ങളുടെ പ്രതികരണം എന്നെ സന്തോഷിപ്പിക്കുന്നു. ഈ സ്നേഹമാണ് ജീവിതത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്യാൻ എനിക്ക് ശക്തി നൽകുന്നത്. കുറച്ച് മാസങ്ങൾക്ക് മുൻപ് എനിക്ക് മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം സ്ഥിരീകരിച്ചു. അസുഖം കുറഞ്ഞിട്ട് നിങ്ങളോട് അത് പറയാമെന്ന് കരുതിയിരിക്കുകയായിരുന്നു. എന്നാൽ ബേധമാകാൻ ഞാൻ വിചാരിച്ചതിലും സമയം എടുക്കുന്നുണ്ട്. എപ്പോഴും കരുത്ത് കാട്ടണമെന്നത് ആവശ്യമില്ലെന്ന് ഞാൻ പതിയെ മനസിലാക്കുന്നു. ഈ ബലഹീനതയെ അംഗീകരിച്ച് മുന്നോട്ട് പോകാൻ ഞാൻ ശ്രമിക്കുകയാണ്. ഞാൻ അടുത്ത് തന്നെ രോഗമുക്തയാകുമെന്ന ആത്മവിശ്വാസത്തിലാണ് ഡോക്ടേഴ്സ്. എനിക്ക് നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളും ഉണ്ടായി. ഇനി ഒരു ദിവസം കൂടി എന്നെകൊണ്ട് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഞാൻ വിചാരിച്ചാലും എങ്ങനെയോ അതും തരണം ചെയ്യും. രോഗമുക്തിയിലേക്ക് ഒരു ദിനം കൂടി അടുക്കുകയാണ് എന്ന് കരുതുന്നു. ഈ സമയവും കടന്ന് പോകും’.