മോഹൻലാലിൻ്റെ പ്രശ്നം ആന്റണിയോ അയാളുടെ സൗഹൃദവലയമോ അയാൾ ഡേറ്റ് കൊടുക്കുന്ന ഔട്ട്ഡേറ്റഡ് സംവിധായക സുഹൃത്തുക്കളോ അല്ല. അതെല്ലാം മോഹൻലാലിനോടുള്ള അമിതസ്നേഹം കൊണ്ട് പലരും അയാളുടെ പരാജയങ്ങൾക്ക് മേൽ അയാൾക്ക് നൽകുന്ന അനാവശ്യമായ ഇളവുകൾ മാത്രമാണെന്ന് ഷാഫി പൂവ്വത്തിങ്കലിൻ്റെ കുറിപ്പ്.
പ്രശ്നം മോഹൻലാലിൻ്റെ സിനിമാ സങ്കൽപ്പനങ്ങൾക്കും സാംസ്കാരിക സങ്കൽപ്പനങ്ങൾക്കും തന്നെയാണ്, അത് കാലഹരണപ്പെട്ടുവെന്ന് ഷാഫി തൻ്റെ ഫേസ്ബുക്കിലൂടെ കുറിക്കുന്നു. മോഹൻലാലിന് ഇനിയൊരു വിജയചിത്രം ഉണ്ടാകുകയേ ഇല്ല എന്നൊന്നുമല്ല പറയുന്നത്, കാഴ്ചപ്പാടുകൾ നവീകരിച്ചില്ലെങ്കിലും, വർത്തമാന സിനിമയിൽ നിരന്തരം വിജയങ്ങൾ സൃഷ്ടിക്കുന്ന എഴുത്തുകാരുമായും സംവിധായകരുമായും അയാൾ സഹകരിച്ചാൽ അയാൾക്കിനിയും വിജയ ചിത്രങ്ങൾ ഉണ്ടാകും.
അതിന് പോലും അയാളെ തുറന്നു കൊടുക്കാൻ അയാൾക്ക് സാധിക്കാതെ പോയാൽ, മോഹൻലാൽ എന്ന വലിയ നടൻ്റെയും താരത്തിൻ്റെയും പതനം പ്രതീക്ഷിക്കുന്നതിലും എത്രയോ വേഗത്തിലായിരിക്കുമെന്ന മുന്നറിയിപ്പും ഷാഫി കുറിപ്പിൽ നൽകുന്നുണ്ട്.
കുറിപ്പ് വായിക്കാം;
മോഹൻലാലിൻ്റെ പ്രശ്നം ആന്റണിയോ അയാളുടെ സൗഹൃദവലയമോ അയാൾ ഡേറ്റ് കൊടുക്കുന്ന ഔട്ട്ഡേറ്റഡ് സംവിധായക സുഹൃത്തുക്കളോ അല്ല. അതെല്ലാം മോഹൻലാലിനോടുള്ള അമിതസ്നേഹം കൊണ്ട് പലരും അയാളുടെ പരാജയങ്ങൾക്ക് മേൽ അയാൾക്ക് നൽകുന്ന അനാവശ്യമായ ഇളവുകൾ മാത്രമാണ്.
പ്രശ്നം മോഹൻലാലിൻ്റെ സിനിമാ സങ്കൽപ്പനങ്ങൾക്കും സാംസ്കാരിക സങ്കൽപ്പനങ്ങൾക്കും തന്നെയാണ്.അത് കാലഹരണപ്പെട്ടതാണ് എന്നതാണ് . പുതിയ സിനിമയെ കുറിച്ചും പുതിയ കാലബോധങ്ങളെക്കുറിച്ചും അയാളുടെ ധാരണകൾ പരിമിതമാണ് എന്നതാണ് .
മോൺസ്റ്റർ ഞാൻ കണ്ടിട്ടില്ല. കാണാൻ താത്പര്യവും തോന്നുന്നില്ല.കണ്ടവർ പറഞ്ഞു അതിലെന്താണെന്നറിയാം.
അറിഞ്ഞിടത്തോളം ഡബിൾ മീനിങ്ങുകളുള്ള, ഒരു സിനിമാഫോം എന്ന നിലക്കും മോശമായൊരു സിനിമ ചെയ്ത് വെച്ചിട്ടാണ് അയാൾ daring ആയൊരു പരീക്ഷണ ചിത്രം ചെയ്തെന്ന മട്ടിൽ പ്രീ റിലീസ് ഇന്റർവ്യൂകളിൽ അഭിമാനത്തോടെ സംസാരിച്ചത്.(ഇനി ഈ സിനിമ ഇതിനപ്പുറത്തേക്കെന്തെങ്കിലുമാണെങ്കിൽ കൂടി, പൊതുവിൽ സമീപകാല മോഹൻലാൽ സിനിമക്ക് ബാധകമാകുന്ന കാര്യങ്ങളാണ് പറയുന്നത്)
ആറാട്ടു പോലൊരു അസഹനീയമായ സിനിമയെക്കുറിച്ചും അതിൻ്റെ ക്ലൈമാക്സിനെക്കുറിച്ചും വലിയ വായിൽ സംസാരിച്ച മോഹൻലാലിനെ ഓർമ്മയുണ്ട്. മരക്കാറിൻ്റെ കാര്യത്തിലും അത് തന്നെയായിരുന്നു കഥ. മോഹൻലാലിൻ്റെ സിനിമായുക്തിക്ക് വലിയ പ്രശ്നങ്ങളുണ്ടെന്നതിന് ഇതിലും വലിയ സമീപകാല ഉദാഹരണങ്ങൾ ആവശ്യമില്ല.
മനുഷ്യർ കാലഹരണപ്പെടുന്നത് കാഴ്ചപ്പാടുകൾ കാലഹരണപ്പെടുമ്പോഴാണ്. തൻ്റെ പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട കാഴ്ചപ്പാടുകൾ കാലഹരണപ്പെടുകയെന്നാൽ അത് ആ മേഖലയിലുള്ള അയാളുടെ പതനത്തെയാണ് സൂചിപ്പിക്കുന്നത്. ആ നിലക്ക് നോക്കുമ്പോൾ മോഹൻലാലിൻ്റെ പതനമാണ് നടന്ന് കൊണ്ടിരിക്കുന്നതെന്ന അപ്രിയ യാഥാർത്ഥ്യം മുന്നിലുണ്ട്.
ഒരു തിരിച്ചുവരവ് സംഭവിക്കണമെങ്കിൽ അത് സംഭവിക്കേണ്ടത് കാഴ്ചപ്പാടുകളെ നവീകരിച്ചു കൊണ്ടാണ്. അങ്ങനെ മാത്രമേ സംഭവിക്കുകയുമുള്ളു. റോർഷാക്കിലഭനയിക്കുന്ന, ആവാസവ്യൂഹത്തെക്കുറിച്ച് വാചാലനാകുന്ന മമ്മൂട്ടിയിൽ നമ്മളതാണ് കാണുന്നതും.
മോഹൻലാലിൻ്റെ കാര്യത്തിൽ അതിനുള്ള സാധ്യതകൾ കാണുന്നില്ല. അയാളുടെ പ്രായമോ അയാൾ നിരന്തരം ഇടപെടുന്ന ചുറ്റുമുള്ള മനുഷ്യരോ ഇടങ്ങളോ അയാൾ അയാളായി വളർന്ന വഴികളോ ഒന്നും അതിനനുകൂലമല്ല.
മോഹൻലാലിന് ഇനിയൊരു വിജയചിത്രം ഉണ്ടാകുകയേ ഇല്ല എന്നൊന്നുമല്ല പറയുന്നത്.
കാഴ്ചപ്പാടുകൾ നവീകരിച്ചില്ലെങ്കിലും , വർത്തമാന സിനിമയിൽ നിരന്തരം വിജയങ്ങൾ സൃഷ്ടിക്കുന്ന എഴുത്തുകാരുമായും സംവിധായകരുമായും അയാൾ സഹകരിച്ചാൽ അയാൾക്കിനിയും വിജയ ചിത്രങ്ങൾ ഉണ്ടാകും.
അതിന് പോലും അയാളെ തുറന്നു കൊടുക്കാൻ അയാൾക്ക് സാധിക്കാതെ പോയാൽ, മോഹൻലാൽ എന്ന വലിയ നടൻ്റെയും താരത്തിൻ്റെയും പതനം പ്രതീക്ഷിക്കുന്നതിലും എത്രയോ വേഗത്തിലായിരിക്കും.