എം രഘുനാഥ്
പത്മജ വേണുഗോപാൽ കൂടണഞ്ഞു. അടുത്തതാരെന്ന ചോദ്യത്തിന് പ്രസക്തിയില്ല. അത് കെപിസിസി പ്രസിഡൻ്റാകാം. പ്രതിപക്ഷ നേതാവാകാം. അതുമല്ലെങ്കിൽ മറ്റേതെങ്കിലും നേതാവുമാകാം. പലരും ചർച്ച നടത്തിയെന്ന് ബിജെപി നേതാക്കൾ പരസ്യമായി തന്നെ പറയുന്നു. ഒന്നും നിഷേധിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ല. നേതാക്കൾക്ക് പരസ്പര വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.
പക്ഷെ, ഈ വിഷയത്തെ വലതു മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതി നോക്കു. മനോരമയ്ക്കോ മാതൃഭൂമിയ്ക്കോ അത് ലീഡ് വാർത്ത പോലും ആയില്ല. ഉൾപേജുകളിലെ വിശകലന സൃഷ്ടികളിൽ പോലും കോൺഗ്രസിനെ തലോടിയുള്ള വാർത്തകൾ. നേരിയ ക്ഷീണം പോലും കോൺഗ്രസിന് പറ്റരുതെന്ന കരുതൽ.
ഇവിടെ ഒരു കാര്യം ഓർത്തുനോക്കൂ. വന്ദ്യവയോധികനായ കമ്യൂണിസ്റ്റ് നേതാവ് എം എം ലോറൻസിൻ്റെ മകളുടെ മകൻ. ഒരാറാം ക്ലാസുകാരൻ. രാഷ്ട്രീയത്തിൻ്റെ ബാലപാഠം പോലും അറിയാത്ത പ്രായത്തിൽ ഒരു ബിജെപി പരിപാടിയിൽ പങ്കെടുത്തതിനെ വെച്ച് നമ്മുടെ മാധ്യമങ്ങൾ എത്ര നാൾ ആഘോഷിച്ചു. സിപിഐ എം ഇതാ തകരുന്നേ എന്ന നിലയിലല്ലേ വിഷയം അവതരിപ്പിച്ചത്. അസുഖബാധിതനായ ലോറൻസിനെ പോലും ആക്ഷേപിച്ചു. ഇവിടെയൊ എന്തൊരു മിതത്വം. പത്മജ കേവലം ഒരു നേതാവിന്റെ മകൾ മാത്രമല്ല. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു. ആ പാർടിയുടെ നയ രൂപീകരണം നടത്തുന്ന രാഷ്ട്രീയ കാര്യ സമിതിയിൽ അംഗമായിരുന്നു. എഐസിസി അംഗവുമാണ്. അവരാണ് കൂടണഞ്ഞത്.
ആ കൂടണയൽ രാഷ്‌ട്രീയമാണ്. കോൺഗ്രസ് പിന്തുടരുന്ന മൃദുഹിന്ദുത്വത്തിന്റെ പരിണത ഫലം. മറ്റ് സംസ്ഥാനങ്ങളിലെ ഒഴുക്ക് കേരളത്തിലേക്കും എത്തുന്നു.
ഈ രാഷ്‌ട്രീയം ചർച്ച ചെയ്യുന്നതിന് പകരം കൂടുമാറിയ സ്‌ത്രീയുടെ തന്തക്ക് വിളിച്ചിരിക്കുന്നു ഒരു യൂത്ത് കോൺഗ്രസ് നേതാവ്. തന്തക്ക് പിറക്കാത്ത പണിയാണ് പത്‌മജ കാണിച്ചതെന്ന് പറഞ്ഞത് വ്യാജ തിരിച്ചറിയൽ കാർഡിന്റെ ബലത്തിൽ നേതാവായ വിദ്വാൻ. ടിയാന് പത്‌മജ നൽകിയ മറുപടിയും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ചാനലുകളിലൂടെ മാത്രം രാഷ്‌ട്രീയ പ്രവർത്തനം നടത്തി വന്നയാളെ അവഗണിക്കുന്നുവെന്ന്. ശരിയാണ് അടിസ്ഥാന തലത്തിൽ സംഘടനാ പ്രവർത്തനം നടത്താത്ത പലരേയും വലത് പക്ഷത്തിന് വേണ്ടി വലത് മാധ്യമങ്ങൾ പൊക്കിക്കൊണ്ട് വന്നിട്ടുണ്ട്. ബിജെപിയിലെ 3 സന്ദീപൻമാർ ഉൾപ്പെടെ ഇങ്ങനെ ഒരുപാട് പേരെ കാണാം. ഈ പാരമ്പര്യത്തിൽ കോൺഗ്രസിൽ ഒരു പാട് ഉദാഹരണങ്ങളുണ്ട്. വയലാർ രവിയെയും മറ്റും ഒതുക്കി എ കെ ആന്റണി ഉദിച്ചുയർന്നത് മനോരമയുടെ ബലത്തിലാണ്. എ കെ ആന്റണിയുടെ കഴിവും കഴിവുകേടുമെല്ലാം ഓരോ മലയാളിക്കും അറിയാവുന്നതാണല്ലൊ. അത് ഏറ്റവും കൂടുതൽ അറിയുന്ന നേതാവായിരുന്നു കെ കരുണാകരൻ. ആ കരുണാകരന്റെ മകളാണ് ഇപ്പോൾ കൂടണഞ്ഞത്. ആ മകളെ തെറിവിളിക്കുന്ന ഈ മാങ്കൂട്ടങ്ങൾ എന്തുകൊണ്ട് ആന്റണിയുടെ മകൻ കൂടണഞ്ഞപ്പോൾ അമ്പഴങ്ങാ വിഴുങ്ങി. ഈ ലോകസഭാ തെരഞ്ഞെടുപ്പിലും അവസാന ലാപ്പിൽ ആന്റണിയെ ഇറക്കുമോ? ദേശീയ രാഷ്‌ട്രീയം ഒരിക്കലും പറയാത്ത ആന്റണി ഇത്തവണയൂം കാസർകോട് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്‌ത് മാർക്‌സിസ്‌റ്റ് പൈശാചികതയെ കുറിച്ച് വാചാലനാകുമോ. പത്തനം തിട്ടയിൽ ആന്റണി മകനെതിരെ പറയുമോ? പറയാനിടയില്ല. എലിസബത്ത് ആന്റണി പറഞ്ഞത് മകൻ ബിജെപിയിലേക്ക് പോയത് അച്ഛൻ അംഗീകരിച്ചുവെന്നാണ്. അതായത് അച്ഛന്റെ അംഗീകാരത്തോടെയാണ് മകൻ പോയതെന്ന്. അന്ന് മകൻ പോയപ്പോൾ കേട്ട കഥ കേന്ദ്ര ഏജൻസികളുടെ ചില കുരുക്കുകൾ വീണിരുന്നു എന്നാണ്. ഇപ്പോൾ പത്‌മജയുടെ യാത്രക്ക് പിന്നിലും അത്തരം കഥകൾ കേൾക്കുന്നു. ഏതായാലും ആന്റണിയുടെയും കരുണാകരന്റേയും മക്കൾ പോയതിൽ ഒരു അത്‌ഭുതവും കാണേണ്ടതില്ല.
ഓർമ്മയില്ലെ മാറാട് കലാപം. അന്ന് ന്യൂനപക്ഷങ്ങളെ മാറാട് നിന്നും ആട്ടിയോടിച്ചപ്പോൾ എ കെ ആന്റണിയായിരുന്നു മുഖ്യമന്ത്രി. അന്ന് മുഖ്യമന്ത്രിയുടെ ആർഎസ്‌എസ് പക്ഷ നിലപാട് വിമർശിക്കപ്പെട്ടു. അന്ന് ആന്റണി പറഞ്ഞൂ– ന്യൂനപക്ഷങ്ങൾ സംഘടിത ശക്തിയിൽ വിലപേശുന്നുവെന്ന്. പിന്നെയും പലതവണ ന്യൂനപക്ഷങ്ങളെ ആക്ഷേപിച്ചു. മുഖ്യമന്ത്രിയാകാൻ തിരൂരങ്ങാടിയിലെ ലീഗ് സിറ്റിംഗ് സീറ്റ് ഇരന്ന് വാങ്ങിയ ആളാണ് പിന്നീട് ലീഗിനെയും ആക്ഷേപിച്ചത്. ആ ആന്റണിയുടെ മകന് കൂടണയാൻ ഒരു ആശങ്കയും ഉണ്ടായില്ല എന്നത് അൽഭുതമല്ല.
സമാനമാണ് പത്‌മജയുടെ കാര്യവും.
വർഗീയ ശക്തികൾക്കൊപ്പം പോയ പെങ്ങളെ പടിയടച്ച് പിണ്ഡം വെച്ചുവെന്നാണ് ആങ്ങള പറയുന്നത്. അങ്ങനെ പറയും മുമ്പ് ചരിത്രം പരിശോധിക്കണം. 1991ലെ കുപ്രസിദ്ധമായ കോലീബി സഖ്യത്തിന്റെ സൂത്രധാരനാണ് കെ കരുണാകരൻ. ഓരോ തെരഞ്ഞെടുപ്പ് കാലത്തും കരുണാകരൻ ആർഎസ്‌എസ് വോട്ട് മൊത്തമായും ചില്ലറയായും വിലയ്‌ക്ക് വാങ്ങി. അന്നൊന്നും ബിജെപിക്ക് കേന്ദ്ര ഭരണമില്ലായിരുന്നു. ഒഴുക്കാൻ പണമില്ലായിരുന്നു. അതുകൊണ്ട് വോട്ട് വിറ്റ് കാശാക്കി. ഇപ്പോൾ കേന്ദ്ര ഭരണമുണ്ട്. കാശുണ്ട്. അത്‌കൊണ്ട് കോൺഗ്രസിൽ നിന്നും വോട്ടല്ല വിലയ്ക്ക് വാങ്ങുന്നത്. പകരം അടപടലം നേതാക്കളെ വിലയ്ക്ക് വാങ്ങുന്നു. ഈ പട്ടിക ഇന്നലെ തുറന്നതല്ല.
പട്ടിക നോക്കൂ
1) അനിൽ ആന്റണി (ആന്റണിയുടെ മകൻ)
2) ടോം വടക്കൻ ( AICC വക്താവ് )
3) സി രഘുനാഥ് ( കണ്ണൂർ DCC വൈസ് പ്രസിഡന്റ് , മുൻ ധർമ്മടം മണ്ഡലം സ്ഥാനാർത്ഥി)
4) അബ്ദുല്ല കുട്ടി (മുൻ എം എൽ എ)
5) Dr KS രാധാകൃഷ്‌ണൻ ( PSC ചെയർമാൻ, വൈസ് ചാൻസലർ, കോൺഗ്രസിന്റെ സൈദ്ധാന്തികൻ )
6) ഡോ. എം. അബ്ദുൾ സലാം ( മുൻ കാലിക്കറ്റ് vc )
7) പത്മജ വേണുഗോപാൽ ( കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി )
8) കെ.കെ. നാരായണൻ കാസർകോട് ഡിസിസി ജനറൽ സെക്രട്ടറി
9) പന്തളം സുധാകരന്റെ അനുജൻ പ്രതാപൻ.
10) ഒ.ബി.സി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. മോഹനൻ
11) തൃശൂർ ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി അനിൽ പൊറ്റേക്കാട്.
12) രാമൻനായർ, മുൻ ദേവസ്വം ബോർഡ് ചെയർമാൻ
13) ജെ പ്രമീളാ ദേവി -തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം.
പതിനാലാമതാണ് പത്‌മജ.
ഈ പട്ടികയിൽ കയറിക്കൂടാൻ പലരും ക്യൂവിലാണ്. എനിക്ക് തോന്നിയാൽ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റ് തൊട്ട് ആരൊക്കെ, എപ്പോഴൊക്കെ എന്നാണറിയാനുള്ളത്.
വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസുകാരായിരുന്ന 11 മുഖ്യമന്ത്രിമാരാണ് ബിജെപിയിലേക്ക് പോയത്. പിസിസി പ്രസിഡന്റുമാർ, കേന്ദ്ര മന്ത്രിമാർ, എംപിമാർ എംഎൽഎമാർ തുടങ്ങിയവർ നിരവധി. നിലവിൽ ആസാം, ത്രിപുര ഉൾപ്പെടെയുള്ള സംസ്ഥാന മുഖ്യമന്ത്രിമാരും പല കേന്ദ്ര മന്ത്രിമാരും എംപിമാരും എംഎൽഎമാരും പഴയ കോൺഗ്രസുകാരാണ്. അങ്ങനെ കോൺഗ്രസ് പണ്ട് പൊതുമേഖലാ സ്ഥാപനങ്ങളെ വിൽപനയ്‌ക്ക് വെച്ച് സ്വകാര്യവൽക്കരണത്തിന് ആക്കം വെച്ച പോലെ ഇപ്പോൾ കോൺഗ്രസ് നേതാക്കളെ തന്നെ വിൽപനയ്‌ക്ക് വെച്ചിരിക്കുകയാണ്. ഐപിഎൽ മൽസരങ്ങളിലേക്ക് ക്രിക്കറ്റ് താരങ്ങളെ ലേലം വിളിക്കും പോലെ സ്ഥാനമാനങ്ങളും കാശുമാകുന്ന എല്ലിൻ കഷണങ്ങൾ വെച്ച് നീട്ടി മാടി വിളിക്കുകയാണ്. നാളെയാണ് നാളെയാണ് എന്ന ലോട്ടറി പരസ്യം പോലെ നാളെയാണ് നാളെയാണ് വരൂ കടന്ന് വരൂ എന്ന പരസ്യവാചകവുമായി ബിജെപി കട തുറന്നുവെച്ചിരിക്കുന്നു. നെറികെട്ട കച്ചവട രാഷ്‌ട്രീയവുമായി. ആ നെറികേടിലേക്ക് ഈയാം പാറ്റകളെ പോലെ വീഴുന്ന കോൺഗ്രസിനോട് ഒരു സഹതാപവുമില്ല. കാരണം അവർ തുടരുന്ന രാഷ്‌ട്രീയവും ബിജെപിയുടെ രാഷ്‌ട്രീയവും ഒന്ന് തന്നെയാണ്. ബിജെപിയോട് സമരസപ്പെട്ട് പോകുന്ന ഈ കളി കോൺഗ്രസ് കളിക്കുന്നിടത്തോളം അവരുടെ സർവനാശമാണ് സംഭവിക്കാൻ പോകുന്നത്.