ആനന്ദ് പട്വർദ്ധന്റെ രാം കേ നാമിലെ ഏറ്റവും മനോഹരമായ ഭാഗങ്ങളിലൊന്നാണ് ബാബാ ലാൽദാസുമായുള്ള അഭിമുഖം.
‘സ്നേഹത്തെകുറിച്ച് സംസാരിക്കുന്ന താങ്കളെപ്പോലെയുള്ളവരേക്കാൾ പിന്തുണ, വെറുപ്പിനെക്കുറിച്ച് സംസാരിക്കുന്നവർക്ക് ലഭിക്കുന്നവിധത്തിലൊരു തരംഗം ഇപ്പോൾ കാണുന്നുണ്ടല്ലോ’ എന്ന ചോദ്യത്തിന് ലാൽ ദാസ് പറയുന്ന മറുപടി ഇങ്ങനെയായിരുന്നു.
‘അതങ്ങിനെയല്ല, ഒരു പെരുമഴയോ പ്രളയമോ വന്നാൽ, കുറേയേറെ ചെടികളും വൃക്ഷങ്ങളും കടപുഴകി വീണേക്കാം. പുല്ലുകൾ വളർന്ന് നമുക്ക് നമ്മുടെ വഴിതന്നെ കാണാതായെന്നുവരും. എന്നാലും മഴക്കാലം എല്ലാക്കാലത്തും നിലനിൽക്കുന്ന ഒന്നല്ല. അതവസാനിക്കും. ആളുകൾ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചെത്തും, അന്ന്, അവർ അവരെ വഴിതെറ്റിച്ച നേതാക്കളെ ചവറ്റുകൊട്ടയിലെറിയും”
ബാബാ ലാൽദാസ് കൊല്ലപ്പെട്ടത് 1992ലായിരുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിലെ മഹന്തായിരുന്നു. 1983ൽ കോടതിയാണ് ലാൽ ദാസിനെ രാമജന്മഭൂമി ക്ഷേത്രത്തിന്റെ മുഖ്യപുരോഹിതനായി നിയമിച്ചത്.
1992 മാർച്ചിൽ കല്യാൺ സിംഗ് സർക്കാർ പിരിച്ചുവിടുന്നതുവരെ അദ്ദേഹമായിരുന്നു അതിന്റെ മുഖ്യ ചുമതലക്കാരൻ. വി.എച്ച്.പി.യുടെയും ബി.ജെ.പി.യുടെയും കടുത്ത വിമർശകനായിരുന്നു ലാൽ ദാസ്. രഥയാത്ര നിർത്തിവെക്കാൻ അദ്വാനിയോട് പരസ്യമായി ആവശ്യപ്പെടാനുള്ള ചങ്കൂറ്റം പോലും കാണിച്ചു ഈ മനുഷ്യൻ. അയോദ്ധ്യയിൽ അമ്പതിനും അറുപതിനുമിടയ്ക്ക് പുരോഹിതർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പറയുന്നുണ്ട് മറ്റൊരു അഭിമുഖത്തിൽ ലാൽ ദാസ്, താൻ ജീവനോടെ ഇരിക്കുന്നത് അത്ഭുതമാണെന്നും. 1992 ഡിസംബർ ആറിനാണ് ബാബറി മസ്ജിദ് തകർത്തത്. ലാൽ ദാസിനുണ്ടായിരുന്ന പോലീസ് പ്രൊട്ടക്ഷൻ കല്യാൺസിംഗ് സർക്കാർ പിൻവലിച്ചു മാസങ്ങൾക്ക് ശേഷം 1993 നവംബറിൽ ബാബാ ലാൽദാസ് എന്ന ഈ മനുഷ്യനെ അജ്ഞാതർ വെടിവെച്ചുകൊന്നു.