യുവജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും അവകാശപ്പോരാട്ടങ്ങളിലൂടെ കേരളത്തിന് സുപരിചിതമായ പേര് – ജെയ്ക് സി തോമസ്. സംഘടനാ മികവിനൊപ്പം അക്കാദമിക മികവും ഒത്തിണങ്ങിയ, പക്വതയാര്‍ന്ന യുവനേതാവാണ് മുപ്പത്തിരണ്ടുകാരനായ ജെയ്ക്. പുതുപ്പള്ളിയില്‍ വീണ്ടും അങ്കത്തിന് ഇറങ്ങുമ്പോള്‍, മാറുന്ന പുതുപ്പള്ളിയുടെ മനസ് ജെയ്ക്കിനൊപ്പമുണ്ട്. 2016 ലും 2021 ലും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 2011 ല്‍ 33,255 വോട്ടായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം 2016 ല്‍ ജെയ്ക് 27,092 ആയും 2021 ല്‍ 9044 ആയും കുറച്ചു. പുതുപ്പള്ളിയിലെ ജനങ്ങളുമായി ജെയ്ക് ഉണ്ടാക്കിയ ബന്ധങ്ങളും മണ്ഡലത്തിലെ പ്രവര്‍ത്തനമികവുമാണ് ഈ വോട്ടിങ്ങില്‍ നിഴലിക്കുന്നത്.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കേന്ദ്ര സെക്രട്ടേറിയറ്റംഗവും സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമാണ് ജെയ്ക്. എസ്എഫ്ഐയുടെ സംസ്ഥാനത്തെ അമരക്കാരനായി മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. അഡ്വ. കെ സുരേഷ്കുറുപ്പ്, പി കെ ബിജു എന്നിവര്‍ക്ക് ശേഷം സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തിയ കോട്ടയംകാരനായി.കോട്ടയം കളത്തിപ്പടി ഗിരിദീപം ബഥനി സ്കൂളില്‍നിന്ന് പ്ലസ് ടു പൂര്‍ത്തിയാക്കി. കോട്ടയം സിഎംഎസ് കോളേജില്‍ നിന്ന് കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം വിദൂരവിദ്യാഭ്യാസത്തിലൂടെ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ എം എ നേടി.
സര്‍ഗാത്മക ചിന്തകളോട് നിരന്തരം സംവദിക്കുന്ന ചെറുപ്പക്കാരന്. ആഴത്തിലുള്ള വായനയും പ്രസംഗ നേതൃപാടവവും ജെയ്കിനെ വ്യത്യസ്തനാക്കുന്നു. ഒന്നര മാസത്തോളം സിഎംഎസ് കോളേജില്‍ നടന്ന സമരവുമായി ബന്ധപ്പെട്ടാണ് ജെയ്കിലെ പോരാളി കരുത്താര്‍ജ്ജിക്കുന്നത്. സിഎംഎസ് കോളേജില്‍ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. സിഎംഎസില്‍ ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാര്‍ഥിയായിരുന്ന ജെയ്ക്കിനെ കോളേജില്‍നിന്ന് അനധികൃതമായി പുറത്താക്കിയതിനെ തുടര്‍ന്നാണ് ഒന്നര മാസത്തോളം നീണ്ട സമരം എസ്എഫ്ഐ സംഘടിപ്പിച്ചത്. പിന്നീട് ജെയ്ക്കിന് കോഴ്സ് പൂര്‍ത്തിയാക്കാനുള്ള അവസരം കോളേജ് നല്കി. ജെയ്ക്കിന്റെ അക്കാദമിക നിലവാരത്തില്‍ ഏറെ വിശ്വാസം അര്‍പ്പിച്ചാണ് അന്ന് എസ്എഫ്ഐ സമരം ഏറ്റെടുത്തത്.
സംസ്ഥാനത്താകെയും കോട്ടയം ജില്ലയിലും ജെയ്കിന്റെ നേതൃത്വം എസ്എഫ്ഐക്ക് വലിയ മുന്നേറ്റത്തിന് സഹായകരമായിട്ടുണ്ട്. രണ്ടു തവണ എസ്എഫ്ഐ കോട്ടയം ജില്ലാ പ്രസിഡന്റായിട്ടുള്ള ജെയ്ക് എസ്എഫ്ഐയുടെ മുഖമാസികയായ സ്റ്റുഡന്റിന്റെ എഡിറ്ററുമായിരുന്നു. ചാനല്‍ ചര്‍ച്ചകളിലും സംവാദങ്ങളിലും ഇടതുപക്ഷത്തിന്റെ മുഖമായി പങ്കെടുക്കാറുണ്ട്. വര്‍ഗീയതയെയും കോര്‍പറേറ്റുവല്‍ക്കരണത്തെയും ധീരമായി തുറന്ന് എതിര്‍ക്കുന്ന യുവനേതാവ് എന്ന നിലയിലാണ് കേരളത്തിന് ജെയ്ക്കിനെ പരിചയം. മണര്‍കാട് ചിറയില്‍ പരേതനായ എം ടി തോമസിന്റെയും അന്നമ്മയുടെയും മകനാണ് ജെയ്ക്. ഗീതു തോമസാണ് ഭാര്യ.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വികസനവും ജീവല്‍പ്രശ്നങ്ങളുമാണ് ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടുന്നതെന്ന് ജെയ്ക് സി തോമസ് പറഞ്ഞു. വൈകാരികതയല്ല, വികസനപ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷം ചര്‍ച്ച ചെയ്യുന്നതെന്നും പുതുപ്പള്ളിയിലെ വികസലങ്ങളെപ്പറ്റി യുഡിഎഫ് ചര്‍ച്ച ചെയ്യുമോ എന്നും ജെയ്ക് പറഞ്ഞു.
ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ ആറും ഭരിക്കുന്നത് ഇടത് മുന്നണിയാണ്. മൂന്ന് ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണം നിയന്ത്രിക്കുന്നതും ഇടത് മുന്നണിയാണ്. കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇടത് മുന്നണി തെരഞ്ഞെടുപ്പിനിറങ്ങുന്നതെന്നും ജെയ്ക് പറഞ്ഞു.
2021 ല്‍ ഉമ്മന്‍ ചാണ്ടി മണ്ഡലം വിട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് പുതുപ്പള്ളിയില്‍ വലിയ തരത്തില്‍ വികാര പ്രകടനങ്ങള്‍ നടന്നതായുള്ള ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ കണ്ടു. എന്നാല്‍ യുഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചിടിയായിരുന്നു മണ്ഡലത്തിലെ ജനങ്ങള്‍ നല്‍കിയത്. കേരളത്തിലേത് പ്രബുദ്ധതയുള്ള ജനങ്ങളാണ്. മണ്ഡലത്തില്‍ ചിട്ടയോടെ പ്രവര്‍ത്തിച്ചതിനാലാണ് 2021ല്‍ ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ച് ഭൂരിപക്ഷം മൂന്നില്‍ ഒന്നായി കുറയ്ക്കാന്‍ കഴിഞ്ഞതെന്നും ജെയ്ക് പറഞ്ഞു.