ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് ഇന്ന് അധികാരമേൽക്കും. ബ്രിട്ടൻ്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. മുൻ ധനമന്ത്രിയും ഇന്ത്യൻവംശജനുമായ ഋഷി സുനകുമായുള്ള പോരാട്ടത്തിലാണ് ബ്രിട്ടീഷ് വിദേശ സെക്രട്ടറിയായ ലിസ് ട്രസ്, ബോറിസ് ജോൺസൻ്റെ പിൻഗാമിയായത്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണസമിതി അദ്ധ്യക്ഷന്‍ ഗ്രഹാം ബ്രാഡിയാണ് വിജയിയെ പ്രഖ്യാപിച്ചത്. 20,000 വോട്ടിനായിരുന്നു വിജയം. ലിസിന് 81,326 വോട്ടുകളും, ഋഷി സുനകിന് 60,399 വോട്ടുകളും ലഭിച്ചു. പുതിയ പ്രധാനമന്ത്രിയെയും കൺസർവേറ്റീവ് പാർടി നേതാവിനെയും തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച അവസാനിച്ചിരുന്നു. പ്രാദേശികസമയം 12.30ന് (ഇന്ത്യൻ സമയം വൈകിട്ട് അഞ്ച്) ആണ് ഔദ്യോഗികമായി വിജയിയെ പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രിയാകാനുള്ള അവകാശവാദവുമായി എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കുന്നതടക്കം ആചാരപരമായ ചടങ്ങുകള്‍ ഇന്നുണ്ടാകും. സ്കോട്ട്ലന്‍ഡിലെ വേനല്‍ക്കാല വസതിയായ ബാല്‍മോറിലാണ് നിലവില്‍ എലിസബത്ത് രാജ്ഞിയുള്ളത്. ഇവിടെയെത്തിയാകും പുതിയ പ്രധാനമന്ത്രി രാജ്ഞിയെ കാണുക. ബോറിസ് ജോണ്സണ് ഇന്ന് പ്രധാനമന്ത്രി സ്ഥാനം ഒഴിയും. രാജി സ്വീകരിച്ചശേഷം തെരഞ്ഞെടുപ്പ് വിജയിയെ പുതിയ സർക്കാർ രൂപീകരിക്കാർ രാജ്ഞി ക്ഷണിക്കും. രാജ്ഞിയായി 70 വർഷം പൂർത്തിയാക്കിയ എലിസബത്ത് ഇതുവരെ 14 പ്രധാനമന്ത്രിമാരെ നിയമിച്ചിട്ടുണ്ട്. ഋഷി സുനക് വിജയിച്ചിരുന്നെങ്കിൽ ആ പദവിയിലെത്തുന്ന ആദ്യ ഇന്തയൻ വംശജൻ ആകുമായിരുന്നു.