ബില്‍ക്കീസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട 11 കുറ്റവാളികളെ ജയില്‍ മോചിതരാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചത് ബിജെപി എംഎല്‍എമാരടങ്ങിയ സമിതിയുടെ നിര്‍ദേശ പ്രകാരം. ബിജെപി എംഎല്‍എമാരായ സി.കെ റവോല്‍ജി, സുമന് ചൗഹാന് എന്നിവരടങ്ങിയ സമിതിയാണ് കുറ്റവാളികളെ മോചിപ്പിക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. പഞ്ച്മഹല്‍ കലക്ടര്‍ നേതൃത്വം നല്കിയ സമിതിയില്‍ ജില്ലാ മജിസ്ട്രേറ്റും അംഗമായിരുന്നു. പ്രതികള്‍ ആവശ്യത്തില്‍ കൂടുതല്‍ ശിക്ഷ അനുഭവിച്ചെന്നും അതിനാലാണ് മോചനത്തിന് ശുപാര്‍ശ ചെയ്തതെന്നുമായിരുന്നു സമിതിയിലെ ഒരംഗത്തിന്റെ പ്രതികരണം.
ജയില്‍ മോചനത്തിന് ശുപാര്‍ശ ചെയ്ത സമിതിയിലെ മറ്റൊരു അംഗമായ മുരളി മൂല്ചന്ദാനിക്കും ബിജെപി ബന്ധമുണ്ട്. മുന്‍ ഗോദ്ര മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന ഇയാള്‍ ഗോദ്ര കേസിലെ പ്രധാന സാക്ഷിയായിരുന്നു. ഇയാള്‍ വിശ്വാസ്യതയില്ലാത്ത സാക്ഷിയാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. ഇങ്ങനെ വിശ്വാസ്യതയില്ലെന്ന് കോടതി കണ്ടെത്തിയ വ്യക്തിയെയാണ് നിര്‍ണായക തീരുമാനമെടുക്കാനുള്ള സമിതിയില്‍ ഗുജറാത്ത് സര്‍ക്കാര്‍ അംഗമാക്കിയത്.
ഗോദ്രയില്‍ നിന്നുള്ള എംഎല്‍എയായ സി.കെ റവോല്‍ജി, 1990ലെ ബിജെപി മന്ത്രിസഭയില്‍ അംഗവുമായിരുന്നു. മറ്റൊരു എംഎല്‍എയായ സുമന് ചൗഹാന് ഗോദ്ര ജില്ലയിലെ കലോല്‍ നിയമസഭാ മണ്ഡലത്തിലെ എംഎല്‍യുമാണ്.
ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്കി. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ സമിതിയെ നിയോഗിക്കുകയായിരുന്നു. ഈ സമിതി ഏകകണ്ഠമായി ജയില്‍ മോചനത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു.