സഞ്ജയ് മിശ്രയ്ക്ക് കളക്ടറായിരിക്കാൻ യോഗ്യതയില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്ഥാനാർത്ഥിയെ സഞ്ജയ് മിശ്ര വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോടതിയുടെ വിലയിരുത്തൽ. കഴിഞ്ഞ മാസം നടന്ന ഗണ്ണൂർ ജൻപദ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് ജില്ലാ കളക്ടർ തോറ്റ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണ നൽകിയ പരമാനന്ദ് ശർമ 25 ൽ 13 വോട്ടുകൾ വിജയിച്ചു. എന്നാൽ ഇതിനെതിരെ ബിജെപി സ്ഥാനാർഥി രാം ശിരോമണി മിശ്ര കളക്ടറെ സമീപിക്കുകയും കളക്ടർ രാം ശിരോമണി മിശ്രയെ വിജയിയായി പ്രഖ്യാപിക്കുകയുമായിരുന്നു.
ജില്ലാ കളക്ടറായിരിക്കാൻ മിശ്ര യോഗ്യനല്ലെന്നും ഒരു രാഷ്ട്രീയ ഏജന്റായാണ് കളക്ടർ പ്രവർത്തിക്കുന്നതെന്നും ജസ്റ്റിസ് വിവേക് അഗർവാൾ പറഞ്ഞു. സഞ്ജയ് മിശ്രയെ സസ്പെന്റ് ചെയ്യാൻ ഹൈക്കോടതി നിർദേശവും നൽകിയിട്ടുണ്ട്.