ദില്ലി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ഹിമാചൽ പ്രദേശ് കോൺഗ്രസ് മന്ത്രി വിക്രമാദിത്യ സിംഗ്. ഹിമാചൽ പ്രദേശിലെ മുൻ മുഖ്യമന്ത്രി വീർഭദ്ര സിംഗിൻ്റെ മകനാണ് വിക്രമാദിത്യ സിംഗ്.
അച്ഛൻ ഒരു രാമ ഭക്തനായിരുന്നു. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുക എന്നത് അദ്ദേഹത്തിൻ്റെ മകനെന്ന നിലയിൽ എൻ്റെ കടമയാണ്. ഹിമാചലിൽ ക്ഷണം ലഭിച്ച ചുരുക്കം ആളുകളിൽ ഒരാളാണ് താൻ. ക്ഷണിച്ചതിന് വിശ്വഹിന്ദു പരിഷത്തിനും ആർ എസ് എസിനും നന്ദി. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അപൂർവ അവസരങ്ങളിൽ ഒന്നാണിത്. പിതാവ് വീർഭദ്ര സിംഗ് ക്ഷേത്ര പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നുവെന്ന് വിക്രമാദിത്യ സിംഗ് പറഞ്ഞു.
ക്ഷണം കിട്ടിയില്ലെങ്കിലും അയോധ്യക്ക് പോകുമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർസിംഗ് സുഖു പറഞ്ഞിരുന്നു. ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമായ ഹിമാചലിൽ രാമക്ഷേത്രത്തിന് അനുകൂലമായ വലിയ വികാരമുണ്ട്. രാമക്ഷേത്രത്തിന് ഒരിക്കലും എതിരല്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതികരിച്ചിരുന്നു.