കോഴിക്കോട് സംഘർഷമുണ്ടാക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ പദ്ധതി പൊളിഞ്ഞതായി മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ ദിവസം രാത്രി സർവകലാശാല ഗസ്റ്റ് ഹൗസിൽ ഗവർണറും ബിജെപി നേതാക്കളും ചേർന്നുണ്ടാക്കിയ ഗൂഢപദ്ധതി കൂടിയാണ് പൊളിഞ്ഞത്. കേരളത്തിലെ ക്രമസമാധാനം തകർന്നെന്ന് ഇന്നലെ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞതേയുള്ളൂ. താൻ പറഞ്ഞത് എത്ര വലിയ നുണയാണെന്ന് 24 മണിക്കൂറിനകം അദ്ദേഹം തന്നെ തെളിയിച്ചതയും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്:
ഹൽവാക്കടയിൽ കയറി, മിഠായി തെരുവിൽ ഇറങ്ങി. ആരിഫ് മുഹമ്മദ് ഖാനെ ആരും തടഞ്ഞില്ല.
ഇപ്പോൾ മനസ്സിലായോ ശ്രീ. ആരിഫ് മുഹമ്മദ് ഖാന്, ഇതാണ് കേരളമെന്ന്. കേരളത്തിലെ ക്രമസമാധാനം തകർന്നെന്ന് ഇന്നലെ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞതേയുള്ളൂ. താൻ പറഞ്ഞത് എത്ര വലിയ നുണയാണെന്ന് 24 മണിക്കൂറിനകം അദ്ദേഹം തന്നെ തെളിയിച്ചു. സ്വന്തം നാടായ യുപിയിൽ ഇന്നേവരെ ഇത്ര ധൈര്യമായി അദ്ദേഹത്തിന് നടക്കാൻ കഴിഞ്ഞിട്ടില്ല, ഇനിയും അതിന് കഴിയുമെന്ന് തോന്നുന്നില്ല. കേരളത്തിലത് കഴിയും, കേരളത്തിലെ കഴിയൂ. ഒപ്പംകൂടിയ ബിജെപി സംഘത്തിന്റെ അകമ്പടിയിലല്ല, കോഴിക്കോടിന്റെയും കേരളത്തിന്റെയും ഉന്നത ജനാധിപത്യ ബോധത്തിന്റെ തുറസ്സിലാണ് ഇങ്ങനെ നടക്കാനായത്.
കഴിഞ്ഞ ദിവസം രാത്രി സർവകലാശാല ഗസ്റ്റ് ഹൗസിൽ ഗവർണറും ബിജെപി നേതാക്കളും ചേർന്നുണ്ടാക്കിയ ഗൂഢപദ്ധതി കൂടിയാണ് ഇന്ന് പൊളിഞ്ഞത്. കോഴിക്കോട് നഗരത്തിലിറങ്ങി നടന്ന് സംഘർഷമുണ്ടാക്കാനുള്ള പദ്ധതി.