ന്യൂഡൽഹി: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ കെ എബ്രഹാം ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി. കെ.കെ. അബ്രഹാമിൻ്റെയും സജീവൻ കൊല്ലപ്പള്ളിയുടെയും 4.34 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സജീവൻ കൊല്ലപ്പള്ളി, മുൻ സെക്രട്ടറി കെ രമാദേവി, മുൻ ബാങ്ക് ഡയറക്ടർമാർ എന്നിവരുടെ സ്വത്തുക്കളും കണ്ടുകെട്ടി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ബാങ്കിലെ വായ്പാ തട്ടിപ്പിൽ ഇ ഡി കേസ് രജിസ്റ്റർ ചെയ്യുന്നത്. കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത ഇഡി പരിശോധനകൾ പൂർത്തിയാക്കിയിരുന്നു. ഇത് സംബന്ധിച്ച വിജിലൻസ് കേസിലെ പ്രതികൾ ഇ ഡി കേസിലും പ്രതികളായി. വായ്പ്പാതട്ടിപ്പിൽ പ്രധാന ഇടനിലക്കാരൻ സജീവൻ കൊല്ലപ്പള്ളിയെ നേരത്തേ ഇ ഡി അറസ്റ്റുചെയ്തിരുന്നു. കെ കെ എബ്രഹാമിനെ കഴിഞ്ഞ എട്ടിന് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു.നിലവിൽ രണ്ടുപേരും റിമാൻഡിലാണ്.
ആകെ 8 കോടിയോളം രൂപയുടെ തട്ടിപ്പാണ് സഹകരണ വകുപ്പ് കണ്ടെത്തിയത്. 2015മുതൽ 2018 വരെ മാത്രം 5.62 കോടി രൂപയുടെ തട്ടിപ്പാണ് വിജിലൻസ് കുറ്റപത്രത്തിലുള്ളത്. വിജിലൻസ് കേസിൽ നടപടികൾ പുരോഗമിക്കുന്നതിനിടെ തട്ടിപ്പിനിരയായ കേളക്കവല സ്വദേശിയായ രാജേന്ദ്രൻ എന്ന കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് വഞ്ചനാക്കേസിലും ആത്മഹത്യാ പ്രേരണകുറ്റത്തിലും കെ കെ എബ്രഹാം ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.ഇതിന് പിന്നാലെയാണ് ബാങ്ക് തട്ടിപ്പിൽ ഇ ഡി നടപടികൾ തുടങ്ങിയത്.