കെപിസിസി ട്രഷററായിരുന്ന അഡ്വ. വി പ്രതാപചന്ദ്രൻ്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിൻ്റെ കുടുംബം ഉന്നയിച്ച പരാതി കെപിസിസി നേതൃത്വം തള്ളി. കെപിസിസി നിയോഗിച്ച അന്വേഷണ കമീഷൻ റിപ്പോർട്ടിന്റെ പേരിലാണ് കുടുംബത്തിൻ്റെ പരാതി തള്ളിയത്. ചില വ്യക്തികളുടെ പ്രേരണയിലാണ് മകൻ പരാതി നൽകിയതെന്നാണ് കെപിസിസി ജനറൽ സെക്രട്ടറിമാരായ മരിയാപുരം ശ്രീകുമാറും സുബോധനും അന്വേഷണ റിപ്പോർട്ടിൽ ആക്ഷേപിക്കുകയും ചെയ്തു. പ്രതാപചന്ദ്രൻ്റെ മരണം സ്വാഭാവികമെന്നായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും ആദ്യം പറഞ്ഞതെന്നും പിന്നീട് അതെങ്ങനെ അസ്വാഭാവിക മരണമായെന്നുമാണ് കെപിസിസി പ്രസിഡന്റിന് നൽകിയ റിപ്പോർട്ടിൽ കമീഷൻ്റെ ചോദ്യം.
മുൻമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന എസ് വരദരാജൻനായരുടെ മകനായ പ്രതാപചന്ദ്രൻ കെപിസിസി ട്രഷററായിരിക്കെ ഡിസംബർ 20നാണ് മരിക്കുന്നത്. തുടർന്ന് അദ്ദേഹത്തിൻ്റെ മക്കളായ പ്രജിത്തും പ്രീതിയും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി. പരാതിയുടെ കോപ്പി പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും നൽകിയിരുന്നു.
കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ (സിയുസി) സംഘടിപ്പിക്കാൻ സുധാകരൻ നേരിട്ട് നിയമിച്ച സംഘത്തിലെ രമേശ് കാവിൽ, പ്രമോദ് കോട്ടപ്പള്ളി എന്നിവരുടെ നിരന്തര പീഡനമാണ് അച്ഛനെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു മക്കളുടെ പരാതി.
കുടുംബത്തിൻ്റെ ആരോപണങ്ങൾ പൂർണമായും തള്ളിക്കൊണ്ടാണ് കെപിസിസി നേതൃത്വം റിപ്പോർട്ട് ഉണ്ടാക്കിയത്. പരാതിയിൽ പറഞ്ഞ രമേശ്, പ്രമോദ് എന്നിവരെ സംരക്ഷിക്കുകയാണ് നേതൃത്വം. ഇരുവരെയും ആരോപണ വിധേയരാക്കിയതിൽ ഗൂഢാലോചനയുണ്ടെന്നാണ് കമീഷൻ്റെ ആരോപണം. പ്രതാപചന്ദ്രന് ഇവരിൽനിന്ന് ഒരു തരത്തിലുള്ള മാനസിക സമ്മർദ്ദവും ഉണ്ടായിട്ടില്ലെന്ന് കമീഷൻ പറയുന്നു. സമൂഹ്യ മാധ്യമങ്ങളിൽ പ്രതാപചന്ദ്രനെതിരെ വന്ന വാർത്തകളിൽ രമേശിനോ പ്രമോദിനോ പങ്കില്ലെന്നും സ്ഥാപിക്കാൻ ശ്രമിച്ചിട്ടുണ്ട്. പ്രതാപചന്ദ്രന് ഈ വ്യക്തികളുമായി ഒരു സാമ്പത്തികബന്ധവും ഇല്ല. മകന് ഈ വ്യക്തികളെക്കുറിച്ച് ഒരു മുന്നറിവും ഇല്ല. ജീവിച്ചിരിക്കേ പ്രതാപചന്ദ്രൻ പാർടിയോട് ഇവരെക്കുറിച്ച് പരാതിയൊന്നും പറഞ്ഞിട്ടില്ല. ചില വ്യക്തികളുടെ പ്രേരണയിലാണ് മകൻ പരാതി നൽകിയതെന്ന് സുവ്യക്തമാണ്. അവർക്ക് സംഭവിച്ച മാനഹാനി പ്രസ്തുത പരാതി ഉന്നയിച്ചവർ ബോധപൂർവം സൃഷ്ടിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ കമീഷൻ്റെ കണ്ടെത്തലുകൾ എന്നപേരിൽ കെപിസിസി ഓഫീസിൽനിന്ന് വാർത്താ കുറിപ്പും ഇറക്കി.
കെ പി സി സി അന്വേഷണ കമീഷൻ റിപ്പോർട്ട് പരാതിക്കാരനായ പ്രജിത്ത് തള്ളി. കോൺഗ്രസ് എന്ത് അന്വേഷണമാണ് നടത്തിയതെന്ന് ചോദിച്ച പ്രജിത്, താൻ ഡിജിപിക്കാണ് പരാതി നൽകിയതെന്നും പ്രതികരിച്ചു. പ്രതാപചന്ദ്രൻ മരിച്ചത് കോൺഗ്രസിലെ ചിലരുടെ മാനസിക പീഡനത്തെതുടർന്നാണെന്നായിരുന്നു കുടുംബത്തിൻ്റെ പരാതി. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ (സിയുസി) സംഘടിപ്പിക്കാൻ കെ സുധാകരൻ നേരിട്ട് നിയമിച്ച സംഘത്തിലെ പ്രമോദ്, രമേശൻ എന്നിവർ നിരന്തരം പീഡിപ്പിച്ചത് മരണത്തിലേക്ക് നയിച്ചു. കെപിസിസിയുടെ ഫണ്ട് കട്ടുമുടിക്കുന്നു എന്നതരത്തിൽ ചില മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ച വാർത്ത പ്രതാപചന്ദ്രന് അപകീർത്തിയും മാനസികാഘാതവും ഉണ്ടാക്കി. അപവാദ പ്രചാരണത്തിന് ചുക്കാൻപിടിച്ചത് സിയുസിക്കാരാണ്.
കോഴിക്കോട് സ്വദേശികളായ പ്രമോദ്, രമേശൻ എന്നിവർക്കെതിരെ പൊലീസിൽ പരാതിപ്പെടാൻ പ്രതാപചന്ദ്രൻ തീരുമാനിച്ചിരുന്നു. വക്കീലിനെ ചുമതലപ്പെടുത്തി, കെ സുധാകരനെയും അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം മക്കളോട് പ്രതാപചന്ദ്രൻ പറഞ്ഞിരുന്നു. ഓഫീസിൽവച്ച് പ്രമോദ് നിരന്തരം ആക്ഷേപിച്ചത് പ്രതാപചന്ദ്രനെ അസ്വസ്ഥനാക്കിയിരുന്നു.