കേരളത്തിനു നേരെ കേന്ദ്ര ഗവൺമെന്റിൻ്റെ സാമ്പത്തിക കടന്നാക്രമണം. വായ്പാ പരിധി വെട്ടിക്കുറച്ചും ഗ്രാന്റുകൾ നിഷേധിച്ചും സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. കേന്ദ്രത്തിൻ്റെ പ്രതികാര നിലപാടിനെ തുടർന്ന് സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലായി. നിത്യനിദാനച്ചെലുകൾക്ക് കടമെടുക്കേണ്ട സാഹചര്യമാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നത്. സംസ്ഥാന സക്കാരിൻ്റെ 1500 കോടി രൂപയുടെ കടപ്പത്രം ചൊവ്വാഴ്ച റിസർവ് ബാങ്ക് വിപണി വിൽപ്പനയ്ക്ക് വയ്ക്കും. അടുത്ത ദിവസം ഈ തുക ലഭിച്ചാലേ ട്രഷറി ഞെരുക്കത്തിന് തൽക്കാലിക ആശ്വാസമാകൂ.
ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞയാഴ്ച കേന്ദ്ര ധനമന്ത്രിയെ കണ്ട് സംസ്ഥാനത്തിൻ്റെ സാമ്പത്തിക ആവശ്യങ്ങളിൽ അടിയന്തര ഇടപെടലും തീരുമാനങ്ങളും ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നു.15,000 കോടി രൂപയുടെ അടിയന്തര സാമ്പത്തിക അനുമതികളാണ് ആവശ്യപ്പെട്ടത്. ഒന്നിൽപ്പോലും അനുകൂല നടപടി ഉണ്ടായില്ല. സംസ്ഥാനത്തിന് അനുവദിച്ച ഗ്രാന്റുകളിലെ 3591 കോടി കുടിശ്ശികയാണ്. കേന്ദ്ര നിലപാടുമൂലം സംസ്ഥാന വരുമാനത്തിൽ ഈ വർഷം 28,400 കോടി രൂപയുടെ കുറവുണ്ടാകും. ഇത് പരിഹരിക്കാൻ കടമെടുപ്പ് പരിധിയിൽ ഒരു ശതമാനം വർധന ആവശ്യപ്പെട്ടതിലും കേന്ദ്രത്തിന് പ്രതികരണമില്ല. 10,400 കോടി രൂപ സമാഹരിക്കുന്നതാണ് ഇതു വഴി കേന്ദ്രം തടഞ്ഞത്. പണം പൂർണമായും സംസ്ഥാനമാണ് തിരിച്ചടയ്ക്കേണ്ടത്.
റവന്യു കമ്മി ഗ്രാന്റ് ഈ വർഷം 8400 കോടി രൂപ കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം നിർത്തിയതിനാൽ 12,000 കോടിയുടെ വരുമാന നഷ്ടമുണ്ട്. പൊതുകടമെടുപ്പിൽ കേന്ദ്രം അനുവദിച്ചതിൽ 8000 കോടി രൂപ വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതിനു പുറമെയാണ് ബജറ്റിനു പുറത്തുള്ള കടമെന്ന പേരിലും സംസ്ഥാനത്തിൻ്റെ കഴുത്ത് ഞെരിക്കാൻ കേന്ദ്രം ശ്രമിക്കുന്നത്. ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയതിനു പകരം സഹായം, റവന്യു കമ്മി ഗ്രാന്റിലെ വൻ കുറവ് പരിഹരിക്കാൻ പ്രത്യേക സാമ്പത്തിക സഹായം തുടങ്ങിയ ആവശ്യങ്ങളൊന്നും കേന്ദ്രം പരിഗണിക്കുന്നില്ല. ക്ഷേമ പെൻഷനിൽ തുച്ഛമായ കേന്ദ്ര സഹായമായ രണ്ടുവർഷത്തെ കുടിശ്ശിക 800 കോടിയോളം രൂപയും കിട്ടാനുണ്ട്. ഇത് കേരളം പെൻഷൻകാർക്ക് നൽകിയ തുകയാണ്.