മലപ്പുറം: ഫുൾ എ പ്ലസ് നേടിയിട്ടും പ്ലസ് വണ്ണിന് അഡ്മിഷൻ കിട്ടിയില്ലെന്ന് പറഞ്ഞ് കരയേണ്ടിവന്ന വിദ്യാർഥിനിക്ക് പിറകിലുള്ള, അതിനിടയാക്കിയ ആരായാലും മാപ്പർഹിക്കുന്നില്ലെന്ന് കെ ടി ജലീൽ എംഎൽഎ. മകൻ മരിച്ചാണെങ്കിലും മരുമകളുടെ കണ്ണീര് കാണാൻ ആഗ്രഹിച്ച അമ്മായിഅമ്മയെ പോലെയാകരുത് മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയെന്നും അദ്ദേഹം വിമർശിച്ചു.
ഫ്രറ്റേണിറ്റി പ്രവർത്തകയായ കുട്ടി പത്താം ക്ലാസ് പഠിച്ച് മുഴുവൻ വിഷയങ്ങളിലും A+ നേടി പാസ്സായത് വണ്ടൂർ ഗവ: ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നാണ്. കുട്ടി പ്ലസ് വണ്ണിന് അപേക്ഷ നൽകിയപ്പോൾ പഠിച്ച സ്കൂൾ ഓപ്ഷൻ കൊടുത്തില്ല. തൻ്റെ സ്വന്തം പഞ്ചായത്തായ തിരുവാലി പഞ്ചായത്തിൽ വീടിനടുത്തുള്ള തിരുവാലി ഗവ: ഹയർ സെക്കൻ്റെറി സ്കൂളിലും കുട്ടി ഓപ്ഷൻ നൽകിയില്ല. അവിടെ കൊടുത്തിരുന്നുവെങ്കിൽ സീറ്റ് നേരത്തെതന്നെ കിട്ടുമായിരുന്നുവെന്നും വസ്തുകൾ ചൂണ്ടിക്കാട്ടി കെ ടി ജലീൽ വ്യക്തമാക്കുന്നു. സർക്കാരിനെതിരെ ജനങ്ങളെ തിരിക്കാൻ ജമാഅത്തെ ഇസ്ലാമിയും ഫ്രറ്റേണിറ്റിയും മുസ്ലിംലീഗും നടത്തിയ ഗൂഢാലോചനയായിരുന്നു ആ ”കരച്ചിൽ നാടക”മെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാനാകുമോയെന്നും കെ ടി ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് :
“കരഞ്ഞ കുട്ടിയും മലപ്പുറത്തെ +2 സീറ്റും
കഥ ഇങ്ങനെ:
ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റിയുടെ പ്രവർത്തകയാണ് മാധ്യമങ്ങളുടെ മുന്നിൽ വന്ന് മുഴുവൻ വിഷയങ്ങളിലും A+ കിട്ടിയിട്ടും തനിക്ക് മലപ്പുറത്ത് പ്ലസ് വണ്ണിന് പഠിക്കാൻ അവസരം കിട്ടിയില്ലെന്ന് പരാതി പറഞ്ഞത്. അത് സോഷ്യൽ മീഡിയകളിൽ തിമർത്താടി. ഇടതുസർക്കാരാണ് ഇതിനുത്തരവാദിയെന്ന് ജമ-ലീഗുകാർ പെരുമ്പറ കൊട്ടി. മന്ത്രി ശിവൻകുട്ടിയെ വഴിയിൽ തടഞ്ഞു.
വസ്തുത എന്താണ്? ഫ്രറ്റേണിറ്റി പ്രവർത്തകയായ കുട്ടി പത്താം ക്ലാസ് പഠിച്ച് മുഴുവൻ വിഷയങ്ങളിലും A+ നേടി പാസ്സായത് വണ്ടൂർ ഗവ: ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നാണ്. കുട്ടി പ്ലസ് വണ്ണിന് അപേക്ഷ നൽകിയപ്പോൾ പഠിച്ച സ്കൂൾ ഓപ്ഷൻ കൊടുത്തില്ല. തൻ്റെ സ്വന്തം പഞ്ചായത്തായ തിരുവാലി പഞ്ചായത്തിൽ വീടിനടുത്തുള്ള തിരുവാലി ഗവ: ഹയർ സെക്കൻ്റെറി സ്കൂളിലും കുട്ടി ഓപ്ഷൻ നൽകിയില്ല. അത് ബോധപൂർവ്വമോ അല്ലാതെയോ ആകാം.
പത്തോ ഇരുപതോ സ്കൂളുകളിൽ വരെ ഓപ്ഷൻ കൊടുക്കാൻ ഒരു അപേക്ഷകക്ക് അവസരമുണ്ടായിരിക്കെ ആ കുട്ടി മൂന്നേ മൂന്ന് സ്കൂളിലാണ് ഓപ്ഷൻ നൽകിയത്. 1) എം.ഇ.എസ് HSS മമ്പാട്, 2) വണ്ടൂർ ഗവ: ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ, 3) മഞ്ചേരി യത്തീംഖാന ഹയർ സെക്കൻ്ററി സ്കൂൾ. ഈ മൂന്നിടത്തും തിരുവാലി പഞ്ചായത്തുകാരിയായ കുട്ടിക്ക് പഠിച്ച സ്കൂൾ സ്കോറും സ്വന്തം പഞ്ചായത്തെന്ന സ്കോറും കിട്ടില്ല. ആ പ്രദേശക്കാരും അതേ സ്കൂളുകളിൽ നിന്ന് മുഴുവൻ വിഷയങ്ങളിലും SSLC ക്ക് A+ കിട്ടിയ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കുമാകും പ്രസ്തുത സ്കോർ ലഭ്യമാവുക.
തൻ്റെ സ്വന്തം പഞ്ചായത്തായ തിരുവാലിയിലെ ഗവ: ഹയർ സെക്കൻഡറി സ്കൂളിലോ കുട്ടി പത്താം ക്ലാസ് പഠിച്ച വണ്ടൂർ ഗവ: ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിലോ ഓപ്ഷൻ അഥവാ അപേക്ഷ കൊടുത്തിരുന്നെങ്കിൽ ആദ്യ അലോട്ട്മെൻ്റിൽ തന്നെ സയൻസ് ബാച്ചിൽ ”കുട്ടിക്ക്” പ്രവേശനം ഉറപ്പായിരുന്നു. എട്ടും ഒൻപതും A+ ഉള്ളവർക്ക് വരെ മേൽപ്പറഞ്ഞ രണ്ട് സ്കൂളിലും പ്ലസ് വണ്ണിന് സയൻസ് ഗ്രൂപ്പിൽ അഡ്മിഷൻ കിട്ടിയിട്ടുണ്ട്. “കുട്ടി”ക്ക് മമ്പാട് എം.ഇ.എസ് ഹയർ സെക്കൻ്ററി സ്കൂളിൽ അഡ്മിഷൻ കിട്ടി. പഠനം ആരംഭിച്ചു. അക്കാര്യമൊന്നും ആരും പറഞ്ഞില്ല. കുട്ടിക്ക് പറ്റിയ അബദ്ധം മനസ്സിലാക്കി എം.ഇ.എസ് പ്രസിഡണ്ട് ഡോ: ഫസൽ ഗഫൂർ നേരിട്ട് ഇടപെട്ടു. ആദ്യം ചേരാൻ കുട്ടിയുടെ രക്ഷിതാക്കൾ വിസമ്മതിച്ചു. പിന്നെ സയൻസ് ഗ്രൂപ്പിൽ ചേർന്നു. ആ പാവം കുട്ടി ഇതിനൊന്നും ഉത്തരവാദിയായിരിക്കില്ല. പക്ഷെ, അവരെക്കൊണ്ട് ഇത് ചെയ്യിച്ചവർ മാപ്പർഹിക്കുന്നില്ല. മകൻ മരിച്ചാണെങ്കിലും മരുമകളുടെ കണ്ണീര് കാണാൻ ആഗ്രഹിച്ച അമ്മായിഅമ്മയെ പോലെയാകരുത് ലീഗും ജമാഅത്തെ ഇസ്ലാമിയും.
സർക്കാരിനെതിരെ ജനങ്ങളെ തിരിക്കാൻ ആസൂത്രിതമായി ജമാഅത്തെ ഇസ്ലാമിയും ഫ്രറ്റേണിറ്റിയും ലീഗും നടത്തിയ ഗൂഢാലോചനയായിരുന്നു ആ ”കരച്ചിൽ നാടക”മെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാനാകുമോ? ആ സീൻ കണ്ടപ്പഴേ എനിക്ക് പന്തികേട് മണത്തത് ജമാഅത്തെ ഇസ്ലാമിയേയും അവരുടെ യുവതുർക്കിക്കളയും ശരിക്കും അറിയുന്നത് കൊണ്ടാണ്. സ്വന്തം വാദം സ്ഥാപിക്കാൻ എന്ത് നെറികേടും അവർ ചെയ്യും.
ചന്ദ്രികയുടെ എന്നോടുള്ള പുതിയ കലിപ്പിന് കാരണം വസ്തുതകൾ നിരത്തിയുള്ള ഇന്നലത്തെ ദേശാഭിമാനി പത്രത്തിൽ ഞാനെഴുതിയ ലേഖനമാണ്. അതിനവർക്ക് മറുപടിയില്ല. പാണക്കാട് തങ്ങൾ മാനേജരായ ഹൈസ്കൂളിന് പോലും പ്ലസ് ടു ബാച്ചുകൾ അനുവദിച്ചത് വി.എസ്. സർക്കാരും എം.എ ബേബിയുമാണ്. LDF ഭരിച്ച 18 വർഷത്തിനിടയിൽ മലപ്പുറത്ത് 671 പ്ലസ് ടു ബാച്ചുകൾ കൊടുത്തപ്പോൾ UDF ഭരിച്ച 15 വർഷത്തിനിടയിൽ മലപ്പുറത്ത് നൽകിയത് 449 ബാച്ചുകൾ മാത്രം.
മലപ്പുറത്തെ പ്ലസ് ടു സീറ്റുകളുടെ കുറവ് ഘട്ടംഘട്ടമായി രണ്ടാം പിണറായി സർക്കാർ പരിഹരിക്കും. അതിൻ്റെ ആദ്യ പടിയാണ് ഇപ്പോൾ അനുവദിച്ച 900 സീറ്റുകൾ. ഇനിയും ഈ അദ്ധ്യയന വർഷം ആവശ്യമെങ്കിൽ പഠനാവസരം ഉണ്ടാക്കും. കാരണം മനുഷ്യരെ ഒന്നായി കാണാൻ കഴിയുന്നവരാണ് ഇടതുപക്ഷം. അവർക്ക് മത-ജാതി-ദേശ പരിഗണനകളില്ല.”