തക്കാളി കിലോയ്ക്ക് നൂറു രൂപയും കടന്ന് കുതിക്കുമ്പോൾ അന്തം വിട്ടു നിൽക്കുന്നവരുടെ മുന്നിൽ പരിഹാരവുമായി കേന്ദ്ര സർക്കാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതാണ് ടൊമാറ്റോ ഗ്രാൻഡ് ചാലഞ്ച്. ഇനി വില കൂടുമ്പോഴൊക്കെ കേന്ദ്രം വക ചാലഞ്ച് വരും. അരി ചാലഞ്ച്, ഗോതമ്പ് ചാലഞ്ച്, ഉള്ളി, പെട്രോൾ, ഡീസൽ അങ്ങനെ പല പല ചാലഞ്ചുകൾ. ഇനി ഈ പറയുന്ന ടൊമാറ്റോ ചാലഞ്ച് എന്താണെന്നല്ലേ? വില കുറയ്ക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകാമെന്ന്. അങ്ങിനെ കിട്ടുന്ന നിർദ്ദേശം കേന്ദ്രം പഠിക്കും. പിന്നെ നടപടി വരും. തക്കാളി എന്നിട്ടു കഴിച്ചാൽ മതി എന്നാണ് കേന്ദ്രോപദേശം. ഒരു കിലോ തക്കാളിക്ക് 150 രൂപ വരെ എത്തി നിൽക്കുകയാണ്. അപ്പോഴാണ് നരേന്ദ്ര മോദിയുടെ തമാശ. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ കണക്കിൽ തക്കാളി കിലോയ്ക്ക് 56 രൂപയേ ഉള്ളൂ. നല്ല വിലക്കുറവ്. അത് കണക്കിലാണെന്നു മാത്രം.
കേരളത്തിൽ ഇപ്പോൾ ഹോർട്ടി കോർപറേഷൻ തക്കാളി വിൽക്കുന്നത് 88 രൂപയ്ക്കാണ്. മാർക്കറ്റിൽ നൂറ് രൂപ വരെയുണ്ട്.
എല്ലാ പച്ചക്കറികൾക്കും വില കുതിച്ചുയർന്നു. കേരളത്തിലേയ്ക്ക് സുലഭമായി പച്ചക്കറിയെത്തുന്ന തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ ഉൽപാദനക്കുറവാണ് വില വർധനവിന് കാരണം. ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവയുടെ വിലയിലും വലിയ വർധനവ് വന്നു. 80 മുതൽ 100 ശതമാനം വരെ മിക്ക പച്ചക്കറിക്കും വിലകൂടി.
പച്ചക്കറിക്ക് വില കൂടിയത് സംസ്ഥാന സർക്കാരിൻ്റെ തലയിലിടാൻ കൊണ്ടു പിടിച്ച ശ്രമത്തിലാണ് മാധ്യമങ്ങൾ. മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് ഭൂരിപക്ഷം പച്ചക്കറികളും എത്തുന്നത്. ഇത് മറച്ചുവെച്ചാണ് സംസ്ഥാന സർക്കാരിനു മേൽ കുതിര കയറ്റം.
മധ്യപ്രദേശിലെ ബുർഹാൻപുർ കാർഷിക കമ്പോളത്തിൽ ഒരു കിലോ തക്കാളിക്ക് 150 രൂപയിൽ തുടരുമ്പോൾ ജമ്മുവിൽ കിലോയ്ക്ക് 120 രൂപയാണ്. ഇഞ്ചി കിലോയ്ക്ക് നാനൂറ് രൂപ പിന്നിട്ടു. ഗുജറാത്തിലും തക്കാളി വില നൂറിനു മുകളിലാണ്. ഡൽഹിയിൽ തക്കാളി 120 രൂപയ്ക്കും ഇഞ്ചി 320 രൂപയ്ക്കുമാണ് വിൽക്കുന്നത്. ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വിളനാശമുണ്ടായതോടെയാണ് ഉത്തരേന്ത്യയിൽ ഉൾപ്പെടെ വില കുതിക്കാൻ തുടങ്ങിയത്.
കേരളത്തിൽ പച്ചക്കറി വിലവർധനവിൽ നിന്ന് ആശ്വാസം നൽകാൻ സർക്കാർ നടപടിയെടുക്കുന്നതൊന്നും മാധ്യമങ്ങൾ കാണുന്നില്ല.
സംസ്ഥാന ഹോർടികൾചർ കോർപ്പറേഷൻ മുഖേന ന്യായവിലക്ക് പച്ചക്കറി എത്തിക്കുന്നു. ഈ ആഴ്ച മുതൽ പച്ചക്കറി വണ്ടികളും നിരത്തിലിറക്കും. പച്ചക്കറി വിലയും ക്ഷാമവും മൂലം പ്രയാസപ്പെടുന്ന ജനങ്ങൾക്ക് ഇത് ഏറെ ആശ്വാസമാകും. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറി എത്തിച്ച് വിതരണം ചെയ്യും. കേരളത്തിലെ കൃഷിക്കാരിൽ നിന്ന് ഉയർന്ന വില നൽകി പച്ചക്കറി സംഭരിക്കുന്നുമുണ്ട്.
പച്ചക്കറി കൃഷിയിലെ സ്വയംപര്യാപ്തത, വിപണി ഇടപെടൽ എന്നിവയും സർക്കാർ ലക്ഷ്യമാക്കുന്നു.