തൃശൂർ : ജനതയുടെ അടിസ്ഥാന മൗലിക അവകാശങ്ങൾ തച്ചുടക്കുന്ന സാഹചര്യമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്ന് ജസ്റ്റിസ് കെ ചന്ദ്രു .
സ്വതന്ത്രമായി സംസാരിക്കാനും എഴുതാനും കഴിയാത്ത ഏറ്റവും അപകടകരമായ അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നത്. മാനവികതയും ബഹുസ്വരതയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് .ഒരു പാർട്ടി ,ഒരു ഭാഷ ,ഒരു മതം എന്നനിലയിലേക്കാണ് രാജ്യത്തെ വാർത്തെടുക്കാൻ വർഗീയ ശക്തികൾ ഇടപെടുന്നത് . അടിയന്തരാവസ്ഥയെക്കാൾ മോശമായ സ്ഥിതി സംജാതമാകുന്നു . ‘ജനാധിപത്യം, ആവിഷ്കാര സ്വാതന്ത്ര്യം, ബഹുസ്വരത’ എന്ന വിഷയത്തിൽ സ്വാതന്ത്ര്യ സംരക്ഷണ സമിതി
തൃശൂർ സാഹിത്യ അക്കാദമിയിൽ സംഘടിപ്പിച്ച ബഹുജന പ്രതിരോധ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ് കെ ചന്ദ്രു.
അവനവനിലേക്ക് മാത്രം ചുരുങ്ങുന്നതിലേക്ക് പ്രേരിപ്പിക്കുന്ന തെറ്റായ സന്ദേശമാണ് ഭരണ കൂടം പൗരന്മാർക്ക് നൽകുന്നത് .രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥ വിഴുങ്ങിയിരിക്കുകയാണ് .ജാർഖണ്ഡിൽ ആത്മഹത്യയുടെ വക്കിൽ നിന്ന കർഷകർക്ക് പിന്തുണ നൽകിയ ഫാദർ സ്റ്റാൻ സ്വാമിയെ ജയിലിലടച്ചു . പിന്നീട് ജയിലിൽ കിടന്നുതന്നെ അദ്ദേഹം മരിച്ചു. 2000 കുട്ടികൾക്ക് കർണാടകത്തിൽ ഹിജാബ് നിരോധനത്തിന്റെ പേരിൽ പരീക്ഷ എഴുതാനായില്ല . ഈ രാജ്യത്തിന്റെ സമര പോരാട്ടങ്ങളിൽ ഇടിമുഴക്കമായി മാറിയ മുദ്രാവാക്യമായ ഇൻക്വിലാബ് സിന്ദാബാദ് ഇനി പാടില്ലെന്നുവരെ ഒരു ഹൈക്കോടതി ജഡ്ജി പറഞ്ഞുവച്ചു.
സംഘപരിവാറിന്റെ കാവി വൽക്കരണ അജണ്ടകളെ തിരിച്ചറിയേണ്ടതാണ് . രാജ്യത്തെ മാധ്യങ്ങൾ വേണ്ട രീതിയിൽ വർഗീയതക്കെതിരെ ശബ്ദം ഉയർത്തുന്നില്ല.
രാജ്യത്തെ അപകടകരമായ സ്ഥിതിവിശേഷം തിരിച്ചറിഞ്ഞ് മറ്റു സംസ്ഥാനക്കാരും വർഗീയ ശക്തികളെ അധികാര സ്ഥാനങ്ങളിൽനിന്ന് ഇറക്കിവിടണമെന്നും ചന്ദ്രു പറഞ്ഞു.