ദില്ലി: ഗുസ്തി താരങ്ങൾ നൽകിയ ലൈംഗിക പീഡന കേസിൽ ബിജെപി എം പി ബ്രിജ് ഭൂഷണെതിരായ കുറ്റപത്രം സമർപ്പിച്ചു. പട്യാല ഹൗസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സാഹചര്യത്തെളിവുകളുടെ അഭാവത്തിൽ പോക്സോ കേസ് റദ്ദാക്കാനും പോലീസ് അപേക്ഷ നൽകി. വിഷയം ജൂലായ് നാലിന് കോടതി പരിഗണിക്കും.
ആറ് ഗുസ്തി താരങ്ങളുടെ പരാതിയിൽ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് ദില്ലി പോലീസ് റോസ് അവന്യൂ കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത താരത്തിൻറെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് പോലീസ് പട്യാല ഹൗസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുമുണ്ട്. പ്രായപൂർത്തിയാകാത്ത താരം ഉന്നയിച്ച പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പോലീസ് വാദം. പെൺകുട്ടി മൊഴി പിൻവലിച്ചെന്നും പോലീസ് കോടതിയെ അറിയിച്ചു. ചാമ്പ്യൻ ഷിപ്പിൽ തോറ്റതിലുള്ള പ്രകോപനത്തിൽ ബ്രിജ് ഭൂഷണോടുള്ള ദേഷ്യം മൂലം പരാതി നൽകിയതാണെന്ന പെൺകുട്ടിയുടെ അച്ഛൻറെ മൊഴിയും വാദത്തിന് ബലം പകരാൻ പോലീസ് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ട്.