ന്യൂഡല്‍ഹി: രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഇല്ലാതെ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അധികാര കൈമാറ്റത്തിന്റെ പ്രതീകമായി കണക്കാക്കുന്ന സ്വര്‍ണ ചെങ്കോല്‍ സ്പീക്കറുടെ ഇരിപ്പിടത്തോട് ചേര്‍ന്ന് സ്ഥാപിച്ചു. രാവിലെ ഏഴരയോടെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്.
തുടര്‍ന്ന് നടന്ന പൂജകളില്‍ മോഡി പങ്കെടുത്തു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പ്രധാനമന്ത്രിയെ മന്ദിരത്തിലേക്ക് സ്വീകരിച്ചു. സന്ന്യാസിമാരുടെ അകമ്പടിയോടെയാണ് മോഡി ചെങ്കോലുമായി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെത്തിയത്. മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം പ്രത്യേകം അലങ്കരിച്ച പന്തലിലായിരുന്നു പൂജ. ചെങ്കോല്‍ സ്ഥാപനത്തിന് ശേഷം ഫലകവും അനാച്ഛാദനം ചെയ്തു. സര്‍വ്വമത പ്രാര്‍ത്ഥനയുമുണ്ടായി.
കനത്ത സുരക്ഷയിലായിരുന്നു രണ്ട് ഘട്ടമായുള്ള ഉദ്ഘാടന ചടങ്ങുകള്‍. ഹിന്ദുമതാചാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം രാവിലെ ഒമ്പതരയോടെ ചടങ്ങുകള്‍ സമാപിച്ച് ഉച്ചക്ക് 12ന് ദേശീയഗാനത്തോടെ രാണ്ടാംഘട്ടത്തിന് തുടക്കമായി. മന്ദിരനിര്‍മാണത്തെക്കുറിച്ചുള്ള രണ്ട് ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെയും ഉപരാഷ്ട്രപതി ജഗ്-ദീപ് ധന്‍ഖറിന്റെയും സന്ദേശങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ വായിച്ചു. തുടര്‍ന്ന് സ്പീക്കര്‍ സംസാരിച്ചു. 75രൂപയുടെ പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി.